അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ ; അതിർത്തിയിൽ സംഘർഷ സാധ്യത ..അതീവ ജാഗ്രത നിർദ്ദേശം .. പശ്ചിമ ബംഗാൾ, ത്രിപുര, മേഖാല, മിസോറാം, അസം അടക്കം അഞ്ച് സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത്

അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന 24 മണിക്കൂറിലേറെയായി, ഇപ്പോഴും ഡൽഹിക്ക് സമീപമുള്ള സുരക്ഷിത ഭവനത്തിൽ കഴിയുകയാണ്. അഭയം നൽകുമെന്ന് പ്രതീക്ഷിച്ച യു കെയും അമേരിക്കയും ഇപ്പോൾ കൈമലർത്തിയിരിക്കുകയാണ് . എവിടെ അഭയം തേടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടുത്ത 48 മണിക്കൂർ ഹസീന ഇന്ത്യയിൽ തങ്ങുമെന്നാണ് അറിയാൻ കഴിഞ്ഞത് .
ബംഗ്ലാദേശിലെ ഭരണകക്ഷിയായിരുന്ന അവാമി ലീഗുമായി നല്ല ബന്ധത്തിലാണെന്നതുകൊണ്ടുതന്നെ ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ഇന്ത്യ എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചൈന പാകിസ്താൻ അതിർത്തികളിലെ ഭീഷണി നിലനിൽക്കുമ്പോൾ ഇതിനിടെ ഇതുവരെയില്ലാത്ത രീതിയിൽ ബംഗ്ലാദേശ് അതിർത്തിയിലും പ്രശ്നസാധ്യത ഉണ്ടായിരിക്കയാണ്
ഇന്ത്യയുമായി 4500 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്ന ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഭരണമാറ്റവും ഇന്ത്യയ്ക്ക് ചെറുതല്ല. പശ്ചിമ ബംഗാൾ, ത്രിപുര, മേഖാല, മിസോറാം, അസം അടക്കം അഞ്ച് സംസ്ഥാനങ്ങളാണ് ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത് ഇവിടങ്ങളിലെ അശാന്തിയാണ് ഇന്ത്യ ഭയക്കുന്നത്. ...
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ഖ് ഹസീന രാജിവച്ചതിന് ശേഷം ഇടക്കാല സർക്കാർ രൂപീകരണത്തിനായി ബംഗ്ലാദേശ് കാത്തിരിക്കുമ്പോൾ, നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസ് പുതിയ സർക്കാരിനെ നയിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് . അതേസമയം, അയൽരാജ്യത്തെ സംഭവവികാസങ്ങൾക്കിടയിൽ ഇന്ത്യ ജാഗ്രതയിലാണ്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ജീവനക്കാരും കുടുംബങ്ങളും ഇന്ത്യയിലേയ്ക്ക് മടങ്ങുന്നുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു.
15 വർഷമായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതിഷേധം ശക്തമായതിനെ തുടർന്ന് രാജിവെച്ച് രാജ്യം വിട്ടതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ബംഗ്ലാദേശ് നേരിടുന്നത് . തിങ്കളാഴ്ച വൈകുന്നേരമാണ് ഹസീന ഇന്ത്യയിലെത്തിയത്, എന്നാൽ അവർ ഡൽഹിയിൽ തുടരുമോ അതോ മറ്റെവിടെയെങ്കിലും താമസിക്കുമോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രക്ഷോഭം ആരംഭിച്ചത് സംവരണനിയമത്തിനെതിരെയാണെങ്കിലും ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറിയിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്.
ബംഗ്ലാദേശിൽ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുകളയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ശൈഖ് ഹസീനക്ക് അഭയം നൽകുന്നതിൽ ബ്രിട്ടന് താൽപര്യമില്ല. വിദ്യാർഥി പ്രക്ഷോഭത്തോടും അതിനെ നേരിട്ട ശൈഖ് ഹസീനയുടെ ഏകാധിപത്യ പ്രവണതകളോടുമുള്ള അമേരിക്കൻ നിലപാട് ബ്രിട്ടനും കൈകൊണ്ടതാണ്.
എന്നാൽ, ബ്രിട്ടനിലെ അഭയാർഥി നിയമപ്രകാരം യു കെ ഇമിഗ്രേഷൻ ചട്ടങ്ങളിൽ അഭയം തേടുന്നതിനോ താൽക്കാലിക അഭയം തേടുന്നതിനോ ഒരാളെ അനുവദിക്കുന്നതിന് വ്യവസ്ഥയില്ല എന്നാണ് യു കെ പറയുന്നത് . അന്തർദേശീയ നിയമപ്രകാരം ഹസീന സുരക്ഷിതമായി ആദ്യമെത്തിയ രാജ്യം തന്നെ അവർക്ക് അഭയം നൽകണമെന്ന നിലപാടാണ് ബ്രിട്ടൻ കൈ കൊണ്ടിരിക്കുന്നത്. യുകെ ഔദ്യോഗികമായി അഭയം നിരസിച്ചാൽ ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകാൻ ഇന്ത്യയും മടിക്കും. ഹസീനയുടെ മകൻ താമസിക്കുന്ന യുഎസും ഹസീനയുടെ വിസ റദ്ദാക്കിയതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ധാക്ക വിട്ട ശേഷം ഷെയ്ഖ് ഹസീന ഇന്ത്യ തെരഞ്ഞെടുക്കാൻ കാരണം ഇന്ത്യൻ ഗവൺമെൻ്റുകൾ, പ്രത്യേകിച്ച് ഇപ്പോഴത്തെ നരേന്ദ്ര മോദി ഭരണം, ഹസീനയുടെ മതേതര കാഴ്ചപ്പാടിനും ഇന്ത്യാ അനുകൂല നിലപാടുകൾക്കും എന്നും പിന്തുണ നൽകിയിരുന്നു എന്നതിനാലാണ് . --
ഇതിനു മുൻപ് 1975-ൽ ഷെയ്ഖ് ഹസീന തൻ്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ ഉൾപ്പെടെയുള്ള കുടുംബത്തെ കൂട്ടക്കൊല ചെയ്ത ശേഷം ഭർത്താവിനും കുട്ടികൾക്കും സഹോദരിക്കുമൊപ്പം ഇന്ത്യയിൽ അഭയം പ്രാപിക്കുകയും 1975 മുതൽ 1981 വരെ ആറ് വർഷക്കാലം ഡൽഹിയിലെ പണ്ടാര റോഡിൽ താമസിക്കുകയും ചെയ്തിട്ടുണ്ട് .
എന്നാൽ, ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. 1975ൽ ഹസീന ഡൽഹിയിൽ അഭയം പ്രാപിച്ചപ്പോൾ, ധാക്കയിലെ പൊതുസമൂഹം അവർക്കും കുടുംബത്തിനും ഒപ്പമായിരുന്നു. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹനയെയും അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ബംഗ്ലാദേശ് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പ്രസിഡൻ്റ് എ എം മഹ്ബൂബ് ഉദ്ദീൻ ഖോക്കോൺ ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്
ബ്രിട്ടീഷ് സർക്കാർ ഹസീന വരുന്നതിന് വിസമ്മതം അറിയിച്ചതോടെ മറ്റേതെങ്കിലും രാജ്യങ്ങളെ സമീപിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഹസീന മുൻഗണന നൽകുന്നത് യൂറോപ്പ് ആണെന്നും തെക്കൻ യൂറോപ്പിലെ ഏതെങ്കിലും രാജ്യങ്ങളിലേക്ക് പോകാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നുമാണ് വിവരം.
ഇന്ത്യയെ സംബന്ധിച്ച് ഇപ്പോൾ ഷെയ്ഖ് ഹസീനക്ക് അഭയം നൽകുന്നതിലെ വെല്ലുവിളികൾ പലതാണ്. ഒന്നാമതായി, ബംഗ്ലാദേശ് പ്രതിസന്ധിയിൽ ഇന്ത്യ പക്ഷം പിടിക്കുന്നു എന്ന തോന്നൽ ബംഗ്ലാദേശ് ഭരണകൂടത്തിന് ഉണ്ടാകാം . ഇപ്പോൾ തന്നെ ധാക്കയിലെ തെരുവുകളിൽ ഇന്ത്യാ വിരുദ്ധ വികാരം ഉയർന്നിട്ടുണ്ട് . ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്നത് ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ പ്രക്ഷുബ്ധത സൃഷ്ടിച്ചേക്കാം. പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭകരും നിയന്ത്രിക്കുന്ന ഭരണകൂടമാണ് ബംഗ്ലാദേശിൽ വരുന്നതെങ്കിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാകുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
https://www.facebook.com/Malayalivartha

























