കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

കുട്ടികള്‍ക്കു ലഹരിമരുന്നും മദ്യവും പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. പാര്‍ലമെന്റ് പാസാക്കിയ പുതിയ കുട്ടിക്കുറ്റവാളി നിയമം (ജുവനൈല്‍ ജസ്റ്റിസ്) അനുസരിച്ച് ഏഴുവര്‍ഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ മദ്യം, ലഹരിമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം സര്‍വസാധാരണമാകുന്നുവെന്ന് ആക്ഷേപമുള്ള സാഹചര്യത്തിലാണു കേന്ദ്രനിര്‍ദേശം. ഹീന കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ പതിനാറു വയസ്സു തികഞ്ഞവരെയും മുതിര്‍ന്നവരായി പരിഗണിച്ചുകൊണ്ടു പാര്‍ലമെന്റ് കുട്ടിക്കുറ്റവാളി നിയമം പരിഷ്‌കരിച്ചിരുന്നു. ഇതോടൊപ്പം കുട്ടികള്‍ക്കു കൂടുതല്‍ കരുതലും സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള വ്യവസ്ഥകളും നിയമത്തിനു കരുത്തേകുന്നു. ഗൗരവം കുറഞ്ഞ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 18 വയസ്സുവരെ ജുവനൈല്‍ നിയമപരിധിയിലായിരിക്കും.
സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ ലഹരിമരുന്നു വിതരണം ചെയ്യുന്ന ഗൂഢസംഘങ്ങള്‍ രാജ്യവ്യാപകമായി തലവേദനയാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇവയില്‍ ചിലതു സംസ്ഥാനാന്തര ബന്ധങ്ങളും സ്വാധീനവുമുള്ള സംഘങ്ങളാണ്. അടുത്തവര്‍ഷം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബില്‍, യുവാക്കള്‍ക്കിടയിലെ ലഹരിമരുന്നു വിപത്ത് പ്രധാന പ്രചാരണ വിഷയമായിക്കഴിഞ്ഞു.
കുട്ടികള്‍ക്കു സംരക്ഷണമുറപ്പാക്കാന്‍ നിയമത്തിലുള്ള മറ്റു വ്യവസ്ഥകള്‍:
ലഹരി മരുന്നു കടത്തിനു കുട്ടികളെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴുവര്‍ഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും.
ഭിക്ഷാടനത്തിനു കുട്ടികളെ ഉപയോഗിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവ്, ഒരു ലക്ഷം രൂപ വരെ പിഴ.
ഭിക്ഷാടനത്തിനു കുട്ടികളെ അംഗവിഹീനരാക്കിയാല്‍ ഏഴുവര്‍ഷത്തില്‍ കുറയാത്ത കഠിനതടവ്, അഞ്ചുലക്ഷം രൂപ പിഴ
കുട്ടികളെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പീഡിപ്പിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവ്, അഞ്ചുലക്ഷം രൂപ പിഴ.
കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള സ്ഥാപനം നടത്തുകയോ അവിടെ ജോലി ചെയ്യുകയോ ചെയ്യുന്നയാള്‍ കുറ്റം ചെയ്താല്‍ അഞ്ചുവര്‍ഷം വരെ കഠിനതടവ്, അഞ്ചുലക്ഷം രൂപ വരെ പിഴ.
പീഡനം കാരണം കുട്ടിക്കു ശാരീരികമോ മാനസികമോ ആയ വൈകല്യമുണ്ടായാല്‍ കുറ്റക്കാര്‍ക്കു പത്തുവര്‍ഷം വരെ കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും.
കുട്ടികളായ ജോലിക്കാരെ ചൂഷണം ചെയ്യുന്ന തൊഴിലുടമകള്‍ക്കും അഞ്ചു വര്‍ഷം വരെ തടവ്, അഞ്ചുലക്ഷം രൂപ വരെ പിഴ. കുട്ടികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താലും ഇതേ ശിക്ഷ.
കുട്ടികളെ തട്ടിയെടുക്കല്‍, തീവ്രവാദത്തിന് ഉപയോഗിക്കല്‍ തുടങ്ങിയ കൃത്യങ്ങളിലേര്‍പ്പെടുന്ന വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും ശിക്ഷാവ്യവസ്ഥകള്‍ കര്‍ക്കശമാണ്. ഏഴുവര്‍ഷം വരെ കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയുമാണു നിയമം നിര്‍ദേശിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























