ഞെട്ടലോടെ ആരാധകര്‍... തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനന്റെ അറസ്റ്റില്‍ ഞെട്ടി സിനിമാ ലോകം; ഇടക്കാല ജാമ്യം കിട്ടിയിട്ടും ഇന്നലെ അല്ലു അര്‍ജുന്‍ ജയിലിലായിരുന്നു... ഇന്ന് പുറത്തിറങ്ങി

യഥാര്‍ത്ഥത്തില്‍ എന്താണ് അല്ലു അര്‍ജുന്‍ ചെയ്ത തെറ്റ്? തന്റെ സിനിമയുടെ പ്രമോഷന് എത്തി. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചതില്‍ അല്ലുവിന് നേരിട്ട് പങ്കില്ലെങ്കിലും എന്തിനാണ് ധൃതിവച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്? സിനിമാ ലോകത്ത് ചര്‍ച്ച തുടരുന്നു. പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചിട്ടും ഇന്നലെ അല്ലു അര്‍ജുന്‍ ജയിലിലായിരുന്നു..
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്‍പ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് നടനെ, ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റി. ഇന്ന് പകര്‍പ്പ് ലഭിച്ചതോടെ അല്ലു ഇന്ന് പുറത്തിറങ്ങി. ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ, ഹൈദരാബാദിലെ നാന്പള്ളി മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
വൈകീട്ടോടെ പുറത്തിറങ്ങാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഉത്തരവ് വൈകിയത് തിരിച്ചടിയായി. അല്ലു അര്‍ജുന്റെ അറസ്റ്റില്‍ കടുത്ത പ്രതിഷേധവുമായി ആരാധക കൂട്ടായ്മ രംഗത്തെത്തി. തെലങ്കാനയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും. സര്‍ക്കാര്‍ നടപടിക്കെതിരെ ബിആര്‍എസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലുള്ളവരും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
അതേസമയം, നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. അല്ലു അര്‍ജുന്റെ മനുഷ്യാവകാശത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു. മരിച്ച സ്ത്രീക്ക് മനുഷ്യാവകാശങ്ങള്‍ ഉണ്ടായിരുന്നില്ലേയെന്നും രേവന്ത് റെഡ്ഡി ചോദിച്ചു. അവരുടെ മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആണ്. അതേക്കുറിച്ച് ആരും സംസാരിക്കാത്തത് എന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.
അല്ലു അര്‍ജുന്റെ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു കൂടിയാണ് തുടക്കമിട്ടിരിക്കുന്നത്. അറസ്റ്റ് നടന്നത് ഹൈദരാബാദിലാണെങ്കിലും രണ്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തെയാണ് ഇത് ബാധിക്കുക. നിലവില്‍ രണ്ടു സംസ്ഥാനങ്ങളാണെങ്കിലും തെലങ്കാനയും ആന്ധ്രാപ്രദേശും ഇന്നും സിനിമയുടെ കാര്യത്തില്‍ ഒന്നാണ്. തെലുങ്ക് സിനിമാ മേഖലയെ സംസ്ഥാന അതിര്‍ത്തിയെന്ന വേലി കൊണ്ട് വേര്‍തിരിക്കാനാവാത്തതും ഈ രാഷ്ട്രീയവിവാദത്തിനു പുതിയ മാനം നല്‍കുന്നു. രണ്ട് സംസ്ഥാനങ്ങളിലായി നിലനില്‍ക്കുന്ന പ്രധാന പാര്‍ട്ടികളുടെ നിലപാടും അല്ലു, കൊനിഡേല കുടുംബങ്ങള്‍ക്കിടയിലെ അകല്‍ച്ചയും ഈ കുടുംബങ്ങള്‍ക്ക് തെലുങ്ക് രാഷ്ട്രീയത്തിലുള്ള നിര്‍ണായക സ്വാധീനവും വീണ്ടും ചര്‍ച്ചയാകുകയാണ്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുള്ളവരാണ് അല്ലു രാമലിംഗയ്യയുടെയും കൊനിഡേല വെങ്കട് റാവുവിന്റെയും പൂര്‍വികര്‍. എഴുത്തുകാരനായ കൊനിഡേല വെങ്കട് റാവുവിന്റെ മക്കളാണ് നടന്‍മാരായ ചിരഞ്ജീവിയും നാഗേന്ദ്ര ബാബുവും പവന്‍ കല്യാണും. നടനും എഴുത്തുകാരനുമായ അല്ലു രാമലിംഗയ്യയുടെ മകളായ സുരേഖയെയാണ് ചിരഞ്ജീവി വിവാഹം ചെയ്തത്. അന്നു മുതല്‍ രണ്ടു കുടുംബങ്ങളും അടുപ്പത്തിലായി. സുരേഖയുടെ സഹോദരന്‍ അല്ലു അരവിന്ദിന്റെ മക്കളാണ് അല്ലു അര്‍ജുനും അല്ലു സിരിഷും.
ബന്ധുക്കളാണെങ്കിലും അല്ലു അര്‍ജുനുമായി ഏറെ നാളായി അകല്‍ച്ചയിലാണ് ആന്ധ്രാ ഉപമുഖ്യമന്ത്രിയും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍. പവന്‍ കല്യാണ്‍ ആരാധകര്‍ പുഷ്പ 2 ചലച്ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍നിന്നു വിട്ടുനില്‍ക്കുകയാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശില്‍പ രവിയെ പിന്തുണച്ചതാണ് അകല്‍ച്ചയ്ക്കു കാരണം.
ആന്ധ്രാപ്രദേശില്‍ അല്ലു കുടുംബത്തിന്റെ പിന്തുണ പലപ്പോഴും വൈഎസ്ആര്‍ കോണ്‍ഗ്രസിനായിരുന്നു. എതിര്‍പക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിനും പവന്‍ കല്യാണിനും അല്ലു കുടുംബവുമായുള്ള അകല്‍ച്ചയ്ക്ക് ഇത് കാരണമായിരുന്നിരിക്കാം. തെലങ്കാനയിലെ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചന്ദ്രബാബു നായിഡുവിന് അനുകൂലമായാണ് നിലവില്‍ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുന്നത്. ഇതും അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്ക് നിറം പകരുകയാണ്.
https://www.facebook.com/Malayalivartha
























