ഇന്ത്യ വളരെ വേഗത്തില്‍ വികസിക്കുകയാണ്; ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്; കഎത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ശ്രമത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും ഭാരതീയ സംസ്‌കാരം ലോകത്തിന് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും മോദി പറഞ്ഞു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ടു ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ''ഇന്ത്യ വളരെ വേഗത്തില്‍ വികസിക്കുകയാണ്. എത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ശ്രമത്തിലാണ് രാജ്യം. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഒന്നാമതെത്തുക എന്നതാണ് നമ്മുടെ സ്വപ്നം''- പ്രധാനമന്ത്രി പറഞ്ഞു.
''കോണ്‍ഗ്രസ് ഭരണഘടനയെ നിരന്തരം വേട്ടയാടി. കോണ്‍ഗ്രസ് ഭരണഘടനയെ ഭയപ്പെടുത്താനുള്ള ആയുധമാക്കി. കോണ്‍ഗ്രസ് സംവരണത്തിന് എതിരായിരുന്നു. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് എതിര്‍ത്തു. നെഹ്‌റുവിന്റെ കാലം മുതല്‍ രാജീവ് ഗാന്ധിയുടെ കാലംവരെ സംവരണം അട്ടിമറിക്കപ്പെട്ടു. കോണ്‍ഗ്രസ് സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഭരണഘടനയില്‍ മാറ്റം വരുത്തി. എക സിവില്‍ കോഡ് നല്ലതാണ്. അംബേദ്ക്കറും ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന നിലപാടെടുത്തു. ഭരണഘടനാ ശില്‍പ്പികളുടെ ആഗ്രഹം ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കും. കോണ്‍ഗ്രസിന് എക്കാലവും അധികാരത്തില്‍ മാത്രമായിരുന്നു താല്‍പര്യം'' പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി അഹങ്കാരിയെന്ന് പരോക്ഷമായി വിശേഷിപ്പിക്കുകയും ചെയ്തു.
തുടക്കം മുതല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് എല്ലാ നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതില്‍ സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. പ്രസിഡന്റ് ദ്രൗപതി മുര്‍മു ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആളാണ്. പാര്‍ലമെന്റില്‍ അടക്കം എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വര്‍ധിക്കുകയാണ്. വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായി മാറിയെന്നും മോദി പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്ക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നല്‍കിയ അവകാശങ്ങള്‍ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ജയിലായി മാറി. അടിസ്ഥാന സൗകര്യമേഖലയിലും വൈദ്യുതി മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ നേട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് രാജ്യത്തിന്റെ ഒരു ഭാരം ഇരുട്ടിലായിരുന്നു. ബിജെപി സര്‍ക്കാര്‍ 'ഒരു രാജ്യം ഒരു ഗ്രിഡ്' പദ്ധതി നടപ്പിലാക്കി. രാജ്യത്തിന്റെ എല്ലായിടത്തും തടസ്സമില്ലാതെ ഇന്ന് വൈദ്യുതി എത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചതായി നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന തടസ്സമായാല്‍ അത് മാറ്റണമെന്നു പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ഇതായിരുന്നു നെഹ്‌റുവിന്റെ നിര്‍ദേശം. ആറു പതിറ്റാണ്ടിനിടെ 75 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തത്. ഈ ശീലത്തിന്റെ വിത്ത് പാകിയത് ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവാണ്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അത് തുടര്‍ന്നു. സുപ്രീം കോടതിയുടെ 1971ലെ വിധിയെ അവഗണിച്ചാണ് ഇന്ദിരാ ഗാന്ധി ജുഡീഷ്യറിയുടെ അധികാരം കുറയ്ക്കുന്നതിനും പാര്‍ലമെന്റില്‍ അധികാരം കേന്ദ്രീകരിക്കുന്നതിനുമായി ഭരണഘടനയില്‍ മാറ്റം വരുത്തിയത്.
https://www.facebook.com/Malayalivartha
























