ജോലി ചെയ്യാനുള്ള മടിയെ തുടര്‍ന്ന് യുവാവ് സ്വന്തം കൈവിരലുകള്‍ മുറിച്ച് മാറ്റി

ജോലി ചെയ്യാനുള്ള മടിയെ തുടര്‍ന്ന് യുവാവ് സ്വന്തം കൈവിരലുകള്‍ മുറിച്ച് മാറ്റി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം നടന്നത്. യുവാവിന് ബന്ധുവിന്റെ വജ്രസ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റായി ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഈ ജോലി ചെയ്യാന്‍ യുവാവിന് താല്‍പര്യമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് സ്വയം തന്റെ വിരലുകള്‍ മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മയൂര്‍ താരാപറ എന്ന 32 കാരനാണ് ഇത്തരം ഒരു കാര്യം ചെയ്തത്. താന്‍ റോഡില്‍ ബോധരഹിതനായി വീണുവെന്നും ഈ സമയം തന്റെ വിരലുകള്‍ ആരോ മുറിച്ചുമാറ്റിയെന്നുമാണ് മയൂര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നാലെ അമ്രോളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തില്‍ മയൂര്‍ തന്നെയാണ് വിരലുകള്‍ മുറിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
വരാച്ച മിനി ബസാറിലുള്ള ബന്ധുവിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന മയൂര്‍ അവിടത്തെ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോലി നിര്‍ത്തുന്ന കാര്യം എങ്ങനെ ബന്ധുവിനോട് പറയണമെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. വിരലുകള്‍ നഷ്ടപ്പെട്ടാല്‍ ജോലി തനിയെ പോകുമെന്ന് കരുതിയാണ് ഇത്തരം ഒരു പ്രവൃത്തി യുവാവ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചശേഷമാണ് പൊലീസ് മയൂര്‍ തന്നെയാണ് ഇത് ചെയ്തതെന്ന് ഉറപ്പിച്ചത്. പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോള്‍ താന്‍ തന്നെയാണ് ചെയ്തതെന്ന തുറന്നുപറയുകയായിരുന്നു. മുറിച്ചുമാറ്റിയ മൂന്ന് വിരലുകളും കത്തിയും ഒരു പ്ലാസ്റ്റിക് ബാഗില്‍ നിന്ന് പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha
























