ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി; അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആം ആദ്മി പാര്‍ട്ടി (AAP) പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കേജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയില്‍ നിന്ന് വീണ്ടും മത്സരിക്കും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷില്‍ നിന്ന് ആം ആദ്മിയെ പ്രതിനിധീകരിക്കും.
കസ്തൂര്‍ബാ നഗറിലെ നിലവിലെ എംഎല്‍എയായ മദന്‍ ലാലിനെ മാറ്റി രമേഷ് പെഹല്‍വാനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് ആം ആദ്മി. രമേഷ് പെഹ്ല്‍വാനും ഭാര്യയും കൗണ്‍സിലറുമായ കുസുമം ലതയും ബിജെപി വിട്ടതിന് ശേഷം ഇന്ന് രാവിലെയാണ് എഎപിയില്‍ ചേര്‍ന്നത്.
''ഇന്ന്, ആം ആദ്മി പാര്‍ട്ടി 70 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്നൊരുക്കത്തോടെയുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയെ എവിടെയും കാണാനില്ല. അവര്‍ക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡല്‍ഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടില്ല. അവര്‍ക്ക് ഒരേയൊരു മുദ്രാവാക്യം, ഒരു നയം, ഒരു ദൗത്യം- 'കെജ്രിവാളിനെ നീക്കം ചെയ്യുക.' ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് ശേഷം അരവിന്ദ് കേജ്രിവാള്‍ എക്സില്‍ പോസ്റ്റ് ചെയ്തു.
''കഴിഞ്ഞ അഞ്ച് വര്‍ഷമായി അവര്‍ എന്താണ് ചെയ്തതെന്ന് ചോദിച്ചാല്‍, അവരുടെ ഒരേയൊരു മറുപടി 'ഞങ്ങള്‍ കേജ്രിവാളിനെ ഒരുപാട് വിമര്‍ശിച്ചു' എന്നതാണ്. മറുവശത്ത്, ഞങ്ങളുടെ പാര്‍ട്ടിക്ക് ഡല്‍ഹിയുടെ വികസനത്തിനായുള്ള കാഴ്ചപ്പാടും ഒരു പദ്ധതിയും അത് നടപ്പിലാക്കാന്‍ ശക്തവും വിദ്യാസമ്പന്നരുമായ ഒരു ടീമും ഉണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തെ നേട്ടങ്ങളുടെ ഒരു നീണ്ട പട്ടികയും നമുക്കുണ്ട്. ഡല്‍ഹിക്കാര്‍ വോട്ട് ചെയ്യുന്നത് ജോലി ചെയ്യുന്നവര്‍ക്കാണ്, അധിക്ഷേപങ്ങള്‍ മാത്രം ഉന്നയിക്കുന്നവര്‍ക്കല്ല.'' അദ്ദേഹം എക്സിലെ തന്റെ പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























