പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു... 86 വയസായിരുന്നു, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം

പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു... 86 വയസായിരുന്നു, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേത്തുടര്‍ന്നായിരുന്നു അന്ത്യം.
മരങ്ങള്‍ വച്ചുപിടിപ്പിച്ചതിലൂടെയാണ് തുളസി ഗൗഡ ശ്രദ്ധയാകര്‍ഷിച്ചത്.
ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 1944-ല്‍ ഹൊന്നല്ലി ഗ്രാമത്തില്‍ നാരായണ്‍-നീലി ദമ്പതികളുടെ മകളായാണ് ജനനം. 2021-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്. തുളസി ഗൗഡയുടെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനമറിയിച്ചു.
പിന്നാക്ക സമുദായത്തില്‍ ജനിച്ച തുളസിക്ക് ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന് അമ്മയോടൊപ്പം തൊഴില്‍ ചെയ്യാനിറങ്ങുകയായിരുന്നു. 'കാടിന്റെ സര്‍വവിജ്ഞാന കോശം' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. ആറ് പതിറ്റാണ്ടിലേറെക്കാലം പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് തുളസി ഗൗഡ. ഈ കാലയളവില്‍ നാല്‍പതിനായിരത്തിലധികം വൃക്ഷത്തൈകള്‍ തുളസി നട്ടുവളര്‍ത്തി. കാടിനെക്കുറിച്ചും വിവിധയിനം സസ്യങ്ങളെക്കുറിച്ചുമുള്ള അഗാധമായ അറിവുകള്‍ തുളസി മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കിയിരുന്നു.
ചെടികള്‍ വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവ് തുളസിക്കുണ്ടായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെമാസങ്ങളായി കിടപ്പിലായിരുന്നു. സംസ്‌കാരം അങ്കോളയിലെ ജന്മഗ്രാമത്തില്‍ നടക്കും.
https://www.facebook.com/Malayalivartha
























