കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ജീവൻ നഷ്ടം. കായംകുളത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പിൽ സെലീന (42) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ കായംകുളം കൊറ്റുകുളങ്ങരയിലാണ് ദാരുണമായ സംഭവം നടന്നത്. ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനായി ആളൊഴിഞ്ഞ പറമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ എടുക്കാൻ പോയപ്പോഴാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ കൂടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. തൃശ്ശൂരിലും തിരുവനന്തപുരത്തും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ രീതിയിൽ പാമ്പ് കടിയേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൂട് കൂടുമ്പോൾ പാമ്പുകൾ വീടിനുള്ളിലേക്കും സുരക്ഷിതമായ മറ്റ് ഇടങ്ങളിലേക്കും മാറാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. സെലീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്.
അതേസമയം ചിറയിൻകീഴ് അഴൂരിൽ ഇന്നലെ രാവിലെയാണ് പാമ്പുകടിയേറ്റ് എട്ട് വയസുകാരന് ജീവൻ നഷ്ടമായത്. മൂലയിൽ വീട്ടിൽ ദിലീപ് അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്. കുട്ടി ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ച വിവരം അറിഞ്ഞത്. ഉടൻ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























