ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

ഡല്‍ഹിയിലെ അമര്‍ കോളനിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുന്‍ വീട്ടുജോലിക്കാരന്‍ രാഹുല്‍ മീണ (23) പിടിയിലായി. മോഷണശ്രമത്തിനിടെയാണ് അതിക്രമം നടന്നത്. പ്രതി ഇതിന് മുന്‍പ് രാജസ്ഥാനില്‍ വെച്ച് മറ്റൊരു സ്ത്രീയേയും പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്ന പ്രതി, നാല് സുരക്ഷാ മതിലുകള്‍ ഭേദിച്ചാണ് വീടിനുള്ളില്‍ കടന്നത്.
രാജസ്ഥാനിലെ ആള്‍വാര്‍ സ്വദേശിയായ രാഹുല്‍ മീണ എട്ടുമാസത്തോളം ഈ വീട്ടില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആറ് ആഴ്ചകള്‍ക്ക് മുന്‍പ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിലുള്ള പകയും കവര്‍ച്ചാ ലക്ഷ്യവുമാണ് പ്രതിയെ വീണ്ടും ഈ വീട്ടിലെത്തിച്ചത്. വീട്ടുകാരുടെ ദിനചര്യകള്‍ കൃത്യമായി അറിയാമായിരുന്ന പ്രതി, പെണ്‍കുട്ടി തനിച്ചാണെന്ന് ഉറപ്പുവരുത്തിയാണ് ഉള്ളില്‍ കടന്നതും ക്രൂരകൃത്യം നിര്‍വ്വഹിച്ചതും.
പെണ്‍കുട്ടിയെ ഉപദ്രവിച്ച ശേഷം അബോധാവസ്ഥയിലായ ഇരയുടെ വിരലടയാളം ഉപയോഗിച്ച് ബയോമെട്രിക് ലോക്കര്‍ തുറക്കാന്‍ പ്രതി ശ്രമിച്ചതായി പോലീസ് വെളിപ്പെടുത്തി. ഇത് പരാജയപ്പെട്ടതോടെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. കൃത്യത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഡല്‍ഹി പോലീസ് വലയിലാക്കിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























