മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ച് 13 മരണം

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ച് 13 മരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് ഇടിയുടെ ആഘാദത്തില്‍ കടലില്‍ മുങ്ങിയത്. 101 പേരെ രക്ഷിച്ചു. നാവികസേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം വിട്ടാണു യാത്രാബോട്ടിലേക്ക് ഇടിച്ചുകയറിയതെന്നു നാവികസേന അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. 4 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ടിക്കറ്റ് നല്‍കാത്തതിനാല്‍ യാത്രാബോട്ടില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ട്.
നീല്‍കമല്‍ എന്ന ബോട്ടാണു മുങ്ങിയത്. നവി മുംബൈയിലെ ഉറാനു സമീപമാണ് അപകടം. ജവാഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, പൊലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നാവികസേനാ ബോട്ടിന്റെ എന്‍ജിന്‍ അടുത്തിടെ മാറ്റുകയും പുതിയതു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു പരിശോധന നടത്തുമ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണു വിവരം. നാവികസേനയുടെ ബോട്ടില്‍ 2 നാവികസേനാംഗങ്ങളും എന്‍ജിന്‍ വിതരണം ചെയ്ത സ്ഥാപനത്തിലെ 4 അംഗങ്ങളും ഉള്‍പ്പെടെ 6 പേരാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























