കുംഭമേളയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്ക്; 300 കിലോമീറ്റര്‍ ദൂരം ഗതാഗതക്കുരുക്ക്; കുംഭമേളയില്‍ പങ്കെടുക്കാനായി പുറപ്പെട്ട് മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങി യാത്രക്കാര്‍

പ്രയാഗ്‌രാജിലെ മഹാ കുംഭമേളയ്‌ക്കെത്തുന്നവരെയും യുപി നിവാസികളെയും ദുരിതത്തിലാക്കി വഴികളിലെല്ലാം 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി കുംഭമേളയില്‍ പങ്കെടുക്കാനായി പുറപ്പെട്ട് മണിക്കൂറുകളോളം പെരുവഴിയില്‍ കുടുങ്ങിയവര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. പ്രയാഗ് രാജില്‍നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെവരെ ഗതാഗതം തടസപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 മണിക്കൂര്‍ വരെ ഗതാഗതകുരുക്കില്‍ കുടുങ്ങിയവരുണ്ട്. തിരക്ക് നിയന്ത്രണാതീതമായതിന് പിന്നാലെ പ്രയാഗ്‌രാജ് സംഗം റെയില്‍വേ സ്റ്റേഷന്‍ അടച്ചു.
പതിനഞ്ചിനും പതിനാറിനും പ്രയാഗ്‌രാജില്‍ നടത്താനിരുന്ന ഗേറ്റ് പരീക്ഷ ലക്‌നൗവിലേക്ക് മാറ്റേണ്ടിയും വന്നു. അയോധ്യ അടക്കം പല നഗരങ്ങളിലും ഗതാഗത കുരുക്കിന്റെ പരാതി ഉയരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടക്കം പ്രവര്‍ത്തനത്തെ ഈ തിരക്കും ഗതാഗത കുരുക്കും ബാധിച്ചിട്ടുണ്ട്. കുംഭമേള നടത്തിപ്പില്‍ യുപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചു. കുംഭമേള നഗരിയില്‍ സ്ത്രീകള്‍ക്ക് പോലും അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഭക്തര്‍ തളര്‍ന്നുവീണാല്‍പോലും തിരിഞ്ഞുനോക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു.
സംഗം ഘാട്ടിലടക്കം വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്തര്‍ കുളിക്കുന്ന ദൃശ്യങ്ങളും അഖിലേഷ് എക്‌സില്‍ പങ്കുവച്ചു. എന്നാല് അഖിലേഷ് കള്ളം പ്രചരിപ്പിക്കുകയാണെന്നും കുംഭമേള തുടങ്ങുന്നതിന് മുന്‍പേ വിമര്‍ശനം തുടങ്ങിയതാണെന്നും ബിജെപി പ്രതികരിച്ചു, കുംഭമേളയെ എതിര്‍ക്കുന്നവരുടെ വോട്ടുറപ്പിക്കാനാണ് അഖിലേഷിന്റെ ശ്രമമെന്നും യുപി ബിജെപി വക്താവ് പ്രതികരിച്ചു.
നേരത്തെ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തിനും കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വരുന്ന ഭക്തരെല്ലാവരും സംഗം ഘാട്ടിലേക്ക് മാത്രം സ്‌നാനത്തിനായി എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് യുപി പോലീസിന്റ വിശദീകരണം. തിരക്ക് കുറയ്ക്കാന്‍ ഇന്നും ഇന്നലെയുമായി അഞ്ഞൂറിലധികം പ്രത്യേക സര്‍വീസുകള്‍ നടത്തിയെന്ന് റെയില്‍വേയും അറിയിച്ചു. മറ്റന്നാള്‍ നടക്കുന്ന പ്രധാന സ്‌നാനത്തിന് മുന്നോടിയായാണ് സംഗം റെയില്‍വേ സ്റ്റേഷന്‍ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം അടച്ചതെന്നും റെയില്‍വേ വിശദീകരിച്ചു.
രാവിലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു കുംഭമേള നഗരിയിലെത്തി സ്‌നാനം നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലും ഒപ്പമുണ്ടായിരുന്നു. സമീപത്തെ ക്ഷേത്രത്തില്‍ പൂജയിലും പങ്കെടുത്താണ് രാഷ്ട്രപതി മടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്‌നാനം നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























