മുഖ്യമന്ത്രി രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു....

മുഖ്യമന്ത്രി രാജിവെച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിജ്ഞാപനം ഇറക്കിയത്. എന്‍. ബിരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താനായി സാധിച്ചില്ല.
ഗവര്‍ണര്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎല്‍എമാരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കുക്കി എംഎല്‍എമാരടക്കം രാഷ്ട്രപതി ഭരണം വേണമെന്ന നിലപാടെടുത്തു. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം പുനസ്ഥാപിച്ചതിന് ശേഷം പുതിയ സര്‍ക്കാറിനെ തീരുമാനിക്കുമെന്ന് ബിജെപി നേതൃത്വം .
മുഖ്യമന്ത്രി സ്ഥാനം ബീരേന്‍ സിങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം തുടര്‍ന്നിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎല്‍എമാര്‍ക്കിടയിലുണ്ട്. സ്പീക്കര്‍ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേന്‍ സിങ്ങ് അനുകൂലികള്‍ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.ഇതിനിടെയാണ് കൂടുതല്‍ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha


























