ജയലളിതയുടെ സ്വത്തുക്കള്‍ ഔദ്യോഗികമായി തമിഴ്‌നാട് സര്‍ക്കാരിനു കര്‍ണാടക കൈമാറി

ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയില്‍ നിന്നു പിടിച്ചെടുത്ത സ്വത്തുക്കള്‍ ഔദ്യോഗികമായി തമിഴ്‌നാട് സര്‍ക്കാരിനു കര്‍ണാടക കൈമാറി. സ്വര്‍ണവാള്‍, സ്വര്‍ണക്കിരീടം, മയിലിന്റെ രൂപങ്ങള്‍ കൊത്തിയ സ്വര്‍ണ അരപ്പട്ട ഉള്‍പ്പെടെയുള്ള ആഡംബര വസ്തുക്കളും കൂട്ടത്തിലുണ്ട്.
27.558 കിലോ ഗ്രാം സ്വര്‍ണാഭരണങ്ങള്‍, 1116 കിലോഗ്രാം വെള്ളി, 1526 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ തുടങ്ങിയവയാണു കര്‍ണാടക വിധാന്‍ സൗധ ട്രഷറിയില്‍ സൂക്ഷിച്ചിരുന്നത്. കോടതിയുടെയും സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. ചിത്രങ്ങള്‍ എടുത്ത ശേഷമാണു നിധിശേഖരം നല്‍കിയത്. അലങ്കാരപ്പണികളുള്ള സ്വര്‍ണക്കിരീടം, കൊത്തുപണികളുള്ള വലിയ സ്വര്‍ണവാള്‍, ചുവന്ന വെല്‍വെറ്റ് പെട്ടിയില്‍ ഒട്ടിച്ചിട്ടുള്ള സ്വര്‍ണശില്‍പം തുടങ്ങിയവ ജയലളിതയുടെ നിധിശേഖരത്തിലെ അപൂര്‍വ സ്വത്തുക്കളാണ്.
ഇതുകൂടാതെ വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവയും കൈമാറി. 1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവയെല്ലാം പിടിച്ചെടുത്തത്. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണു തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്.
https://www.facebook.com/Malayalivartha


























