ഇന്ത്യക്കാരില്‍ രണ്ടുപേര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി..അമേരിക്ക നാടുകടത്തിയവരിൽ ക്രിമിനലുകൾ..2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികൾ..

ഇത്തവണയും ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കയ്യിലും കാലിലും വിലങ്ങിട്ടാണ്. 10 ദിവസം മുമ്പെത്തിയ ആദ്യ വിമാനത്തില്‍ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങിട്ടു കൊണ്ടുവന്നതില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിട്ടും ഇത്തവണയും സ്ഥിതി മാറിയില്ല. ഇവരെ ഇന്ത്യയിലെത്തിച്ചതിന് ശേഷമാണ് വിലങ്ങുകളും ചങ്ങലകളും അഴിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശന സമയത്താണ് ഇന്ത്യക്കാരുമായുള്ള വിമാനം അവിടെ നിന്ന് പുറപ്പെട്ടത്. അമേരിക്കന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിലാണ് ഇന്ത്യക്കാരെ അമൃതസര്‍ വിമാനത്താവളത്തിലെത്തിച്ചത്.ഇന്ത്യക്കാരെ ബന്ധിച്ച് കൊണ്ടുവരുന്ന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇന്ത്യക്കാരെ കൈയില്‍ വിലങ്ങണിയിച്ച് എത്തിച്ചത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നു. രൂക്ഷവിമര്‍ശനങ്ങളുയരുന്നതിനിടെ കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനമുണ്ടാവണമെന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു.എസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
വിഷയത്തില്‍ ഇന്ത്യക്കാരെ മോശക്കാരാക്കി കൊണ്ടുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ജയശങ്കര്‍ പറഞ്ഞിരുന്നു.കൈകാലുകള്‍ ബന്ധിച്ചിരുന്നെന്നും ഇന്ത്യയിലേക്കു നാടുകടത്തുകയാണെന്ന് അറിയിച്ചിരുന്നുവെന്നും പഞ്ചാബ് സ്വദേശിയായ മന്‍ദീപ് സിങ് പറഞ്ഞു. ഫെബ്രുവരി അഞ്ചിന് എത്തിയവരെ പോലെ കൈകളിൽ വിലങ്ങണിയിച്ചു കാലുകള്‍ ചങ്ങലക്കിട്ടാണ് നാട്ടിലെത്തിച്ചതെന്ന് മന്‍ദീപ് സിങ് പറഞ്ഞു. ഇത്തവണ വന്നവരിൽ അനധികൃതമായി കുടിയേറാൻ ശ്രമിച്ച് പിടിയിലായതിനെ തുടർന്ന് അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ രണ്ടുപേരെ കൊലപാതക കേസിൽ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി അമൃത്‌സർ വിമാനത്താവളത്തിൽ അമേരിക്കയുടെ സി-17 സൈനിക വിമാനത്തിലെത്തിച്ച 116 പേരിൽ പട്യാല ജില്ലയിലെ രാജ്‌പുരയിൽ നിന്നുള്ള രണ്ട് യുവാക്കളെയാണ് പോലീസ് പിടികൂടിയത്.2023 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതികളായ സണ്ണി എന്ന സന്ദീപ് സിങ്, പ്രദീപ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) നാനക് സിങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്പുര പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരിൽ കൊലപാതകകേസിൽ ഉൾപ്പെട്ടവരുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായ ജാഗ്രതയോടെ നടത്തിയ ഇടപ്പെടലിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു.ഇവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പോലീസ് വ്യക്തമാക്കി.2023 ജൂണിലാണ് സന്ദീപിനും മറ്റ് നാല് പേർക്കുമെതിരെ രാജ്പുര പോലീസ് കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് നടന്ന അന്വേഷണത്തിൽ സന്ദീപിനും കേസിൽ പങ്കുണ്ടെന്ന് വ്യക്തമാകുകയും എഫ്ഐആറിൽ പേര് ചേർക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























