വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നടന്ന ഒരു വിവാഹച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍, വരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് ഡ്രോണ്‍ ക്യാമറ. വിവാഹച്ചടങ്ങ് ചിത്രീകരിക്കാന്‍ ഉപയോഗിച്ച ഡ്രോണ്‍ ക്യാമറയില്‍, വരന് കുത്തേറ്റ സംഭവവും ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യങ്ങളും കൃത്യമായി പതിഞ്ഞത് കേസില്‍ പോലീസിന് നിര്‍ണ്ണായക തെളിവായി മാറിയിരിക്കുകയാണ്.
ബദ്‌നേര റോഡിലെ സാഹില്‍ ലോണില്‍ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. സുജല്‍ റാം സമുദ്ര എന്ന യുവാവിന്റെ വിവാഹച്ചടങ്ങിനിടെ രാഘോ ജിതേന്ദ്ര ബക്ഷി എന്നയാളാണ് സ്‌റ്റേജിലേക്ക് കയറി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയത്. നൃത്തം ചെയ്യുന്നതിനിടെ വരനും ബക്ഷിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് ആക്രമണത്തിലേക്ക് വഴി തുറന്നത്. ?മൂന്ന് തവണ കുത്തേറ്റ സുജലിന് തുടയിലും കാല്‍മുട്ടിലുമാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്ന സുജലിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി, വരന്റെ അച്ഛനായ റാംജി സമുദ്രയെയും ആക്രമിക്കാന്‍ ശ്രമിച്ചു.
വിവാഹ ആഘോഷം പകര്‍ത്തിക്കൊണ്ടിരുന്ന ഡ്രോണ്‍ ഓപ്പറേറ്ററുടെ ജാഗ്രതയാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായകമായത്. സംഘര്‍ഷ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡ്രോണ്‍, ഓടി രക്ഷപ്പെട്ട ആക്രമിയെ തുടര്‍ന്നും പിന്തുടര്‍ന്നു. ഓറഞ്ച് ഹൂഡി ധരിച്ച പ്രതി ലോണില്‍നിന്ന് പുറത്തെത്തി, പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും, കറുത്ത വസ്ത്രം ധരിച്ച മറ്റൊരാള്‍ ഇയാള്‍ക്കൊപ്പം ചേരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വരന്റെ ബന്ധുക്കളിലൊരാള്‍ പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എന്നാല്‍, ഡ്രോണ്‍ ക്യാമറ ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം പ്രതികളെ പിന്തുടരുന്നതിലൂടെ അവരുടെ രക്ഷപ്പെടുന്ന വഴിയും മുഖവും കൃത്യമായി പകര്‍ത്തി.
സംഭവസ്ഥലത്തെത്തിയ പോലീസ് ഡ്രോണ്‍ ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതിയുടെ മുഖവും രക്ഷപ്പെടുന്ന വഴിയും തിരിച്ചറിയുകയും ചെയ്തു.
https://www.facebook.com/Malayalivartha

























