കര്‍ണാടകയിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി ആക്രമണം

കര്‍ണാടകയിലെ ബന്നാര്‍ഘട്ട ബയോളജിക്കല്‍ പാര്‍ക്കിലെ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരിയ്ക്ക് പരിക്കേറ്റു. കര്‍ണാടക സംസ്ഥാന ടൂറിസം വികസന കോര്‍പ്പറേഷന്‍ നടത്തുന്ന നോണ്‍എസി സഫാരി ബസ് പുള്ളിപ്പുലി സഫാരിയിലേക്ക് പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.
വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന വാഹിത ബാനുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ജനാലയ്ക്കരികില്‍ ആയിരുന്നു വാഹിത ബാനു ഇരുന്നത്. ബസിന്റെ ജനാല വഴി പുള്ളിപ്പുലി ആക്രമിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം പുലി കീറിയെടുത്തു. ഇവരുടെ ഇടത് കൈയ്ക്ക് പുലി നഖം കൊണ്ട് സാരമായ മുറിവേല്‍ക്കുകയും ചെയ്തു. യുവതിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുള്ളിപ്പുലിയുടെ ആക്രമണ സ്വഭാവത്തെക്കുറിച്ച് എല്ലാ സഫാരി ഡ്രൈവര്‍മാര്‍ക്കും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അധിക സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും ബിബിപി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ വി സൂര്യ സെന്‍ പറഞ്ഞു.
സ്ത്രീയെ അക്രമിച്ച പുലിയ്ക്ക് മുന്നേ പരിക്കേറ്റിട്ടുണ്ടെന്നാണ് കമന്റുകളിലുള്ളത് . മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതും സന്ദര്‍ശകരുടെ യാത്രാ സുരക്ഷയെ കുറിച്ചുള്ള സംശയങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. അതേസമയം മൂന്ന് മാസത്തിനിടെ പുള്ളിപ്പുലിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ സംഭവമാണിത്. മറ്റൊരു സഫാരി ബസിലെ ജനല്‍ ഗ്രില്ലുകളില്‍ പുള്ളിപ്പുലി നഖം ഉരച്ചപ്പോള്‍ 12 വയസ്സുള്ള ആണ്‍കുട്ടിക്കും പോറലുകള്‍ സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha

























