അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി

വിമാനം ആകാശത്തിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്... യാത്രക്കാർ പലരും ഉറക്കത്തിൽ... മറ്റു ചിലർ ഫോണിലും സിനിമയിലുമൊക്കെയായി സമയം ചെലവഴിക്കുന്നു. പെട്ടെന്നാണ് ഒരു യാത്രക്കാരൻ സീറ്റിൽനിന്ന് ചാടിയെഴുന്നേൽക്കുന്നത്. പിന്നെ നേരെ വിമാനത്തിന്റെ മുൻഭാഗത്തേക്ക്. ജീവനക്കാർ തടയാൻ ശ്രമിച്ചിട്ടും പിന്മാറാൻ തയ്യാറല്ല. അയാൾ കുതിച്ച് പാഞ്ഞ് വിമാനത്തിന്റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചു.
യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർന്നതോടെ പൈലറ്റിന് മുന്നിൽ ഒരേയൊരു വഴി മാത്രം. വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കുക. അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സാൻ ഡിയാഗോയിൽ നിന്ന് ഷിക്കാഗോയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 1494-ാം നമ്പർ വിമാനത്തിൽ ബുധനാഴ്ചയാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം ഉണ്ടായത്.
അരിസോണയ്ക്കും കാലിഫോർണിയയ്ക്കും ഇടയിലുള്ള ആകാശ മേഖലയിലൂടെ വിമാനം സഞ്ചരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത നീക്കം. സ്വന്തം സീറ്റിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ പെട്ടെന്ന് എഴുന്നേറ്റ് വിമാനത്തിന്റെ മുൻവശത്തേക്ക് നീങ്ങുകയായിരുന്നു. വിമാന ജീവനക്കാർ തിരികെ സീറ്റിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും ഇയാൾ അത് അനുസരിച്ചില്ല. ഒടുവിൽ വിമാനത്തിന്റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ചു. വിമാനത്തിന്റെ വാതിലുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ നീക്കം ജീവനക്കാരെയും സഹയാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കി. ആകാശത്ത് വച്ച് ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അത് എത്രത്തോളം അപകടകരമാകുമെന്ന ആശങ്കയും യാത്രക്കാർക്കിടയിൽ ശക്തമായി. ചിലർ പേടിച്ച് വിളിച്ചു.
ഞെട്ടലോടെ ചില യാത്രക്കാർ അയാളുടെ അടുത്തേക്കോടി. ബല പ്രയോഗത്തിലൂടെ ഡോർ തുറക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു. അയാളെ പൂണ്ടടക്കം പിടിച്ചു. ചിലർ മർദിക്കുകയും നിലത്തേക്ക് അമർത്തിപ്പിടിക്കുകയും ചെയ്തു. അവസാനം യാത്രക്കാരനെ ബലമായി കീഴടക്കി നിയന്ത്രണത്തിലാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാളായ ഷോൺ ബെന്നറ്റ് മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വിമാനത്തിലെ ജീവനക്കാരും ഏതാനും യാത്രക്കാരും ചേർന്ന് ഇയാളെ നിലത്തേക്ക് അമർത്തിപ്പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി.
അമേരിക്കൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് വിമാനം ഫീനിക്സ് സ്കൈ ഹാർബർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയത്. യാത്രക്കാരന്റെ പെരുമാറ്റത്തെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് അമേരിക്കൻ എയർലൈൻസും സ്ഥിരീകരിച്ചു. വിമാനമിറങ്ങിയ ഉടൻ അധികൃതർ എത്തി ഇയാളെ വിമാനത്തിൽനിന്ന് മാറ്റി.
സംഭവത്തിൽ യാത്രക്കാരനും ജീവനക്കാർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ. എന്നാൽ വിമാനത്തിൽ പ്രശ്നമുണ്ടാക്കിയ യാത്രക്കാരന് നിസ്സാര പരുക്കേറ്റതായും പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഫീനിക്സ് പൊലീസ് അറിയിച്ചു. ഇയാളുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ എഫ്ബിഐയുടെ ഇടപെടലും ഉണ്ടായിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിമാനത്തിൽ നടന്ന സംഭവത്തിന്റെ യഥാർഥ കാരണവും വ്യക്തമല്ല.
യാത്രക്കാരനെ വിമാനത്തിൽനിന്ന് മാറ്റിയശേഷം ആവശ്യമായ നടപടികൾ പൂർത്തിയാക്കി വിമാനം വീണ്ടും ഷിക്കാഗോയിലേക്ക് യാത്ര തുടർന്നു. ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ടുള്ള യാത്ര പ്രതീക്ഷിച്ചിരുന്നവർക്ക് മണിക്കൂറുകളാണ് ഇതോടെ നഷ്ടപ്പെട്ടത്.
ആകാശത്ത് ആയിരക്കണക്കിന് അടി ഉയരത്തിൽ സഞ്ചരിക്കുന്ന വിമാനത്തിനുള്ളിൽ ഒരാൾ ഇത്തരത്തിൽ പെരുമാറിയാൽ അത് എത്രത്തോളം ഗുരുതരമായ സുരക്ഷാ പ്രശ്നമായി മാറുമെന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവം. വിമാനത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലും സഹയാത്രക്കാരുടെ ധൈര്യവുമാണ് വലിയൊരു അപകടസാഹചര്യം ഒഴിവാക്കാൻ സഹായിച്ചത്.
https://www.facebook.com/Malayalivartha
























