അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പരിസ്ഥിതി സിനിമകളുമായി All Living Things Environmental Film Festival (ALT EFF) 2026 ഡിസംബർ 4, 5, 6 തീയതികളിൽ മുളന്തുരുത്തിയിലെ ആല – ബദൽ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൽ നടക്കും.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്, ALT EFF-ന്റെ ഔദ്യോഗിക പ്രദർശന പങ്കാളിയായാണ് ആല മൂന്ന് ദിവസത്തെ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ലോകത്തിലെ പ്രധാന വികേന്ദ്രീകൃത പരിസ്ഥിതി ചലച്ചിത്രോത്സവങ്ങളിലൊന്നായ ALT EFF-ന്റെ ഏഴാം പതിപ്പാണിത്.
എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഈ വർഷത്തെ ഫെസ്റ്റിവലിന്റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യം, പ്രകൃതി സംരക്ഷണം, വന്യജീവികൾ, മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധം തുടങ്ങി സമകാലിക പരിസ്ഥിതി വിഷയങ്ങളാണ് ഈ സിനിമകൾ കൈകാര്യം ചെയ്യുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ആലയിൽ 32 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹ്രസ്വചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ആനിമേഷൻ ചിത്രങ്ങൾ, ഫീച്ചർ സിനിമകൾ എന്നിവ പ്രദർശന പട്ടികയിലുണ്ട്. സിനിമകളുടെ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളും പങ്കുവെക്കൽ സെഷനുകളും പരിപാടിയുടെ ഭാഗമായിരിക്കും. ചില സിനിമകളുടെ പ്രദർശനത്തിന് ശേഷം സംവിധായകരുമായി ഓൺലൈൻ സംവാദത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രദേശത്തെ സ്കൂളുകൾ, കോളേജുകൾ, പരിസ്ഥിതി സംഘടനകൾ, വിവിധ കൂട്ടായ്മകൾ എന്നിവയുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ഉറപ്പാക്കുന്നുണ്ട്. വിദ്യാർഥികൾക്കും അധ്യാപകർക്കും പരിസ്ഥിതി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും സിനിമകൾ കാണുന്നതിനും അവയുടെ പ്രമേയങ്ങളെക്കുറിച്ച് ചർച്ചകളിൽ പങ്കുചേരുന്നതിനും അവസരമുണ്ടാകുന്നതാണ്.
"
https://www.facebook.com/Malayalivartha


























