കള്ളപ്പണം തടയാന്‍ 500,1000 നോട്ടുകള്‍ അസാധുവാക്കണമെന്ന ആശയം ആദ്യം പ്രയോഗിച്ചത് തമിഴ് സിനിമയില്‍

കള്ളപ്പണം തടയുന്നതിനായി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കാന്‍ മോഡി തീരുമാനിച്ചപ്പോള്‍ ഇന്ത്യയൊട്ടാകെ ഒന്നു ഞെട്ടി. എന്നാല്‍ തമിഴ് സിനിമ പ്രേമികള്‍ മാത്രം കുലുങ്ങിയില്ല. ഇതൊക്കെ എന്ത് എന്ന മട്ടിലായിരുന്നു അവരുടെ നില്‍പ്പ്. ഒന്‍പത് വര്‍ഷം മുമ്ബ് പുറത്തിറങ്ങിയ രജനീകാന്ത് ചിത്രമായ ശിവാജിയിലും ഈ വര്‍ഷം പുറത്തിറങ്ങിയ പിച്ചക്കാരന്‍ എന്ന തമിഴ് സിനിമയിലും ഇക്കാര്യം പറയുന്നുണ്ട്. കള്ളപ്പണം തടയാന്‍ 500. 1000 നോട്ടുകള്‍ പിന്‍വലിക്കണമെന്ന് മോഡി മനസ്സില്‍ ചിന്തിച്ച് തുടങ്ങുമ്പോഴേക്കും തമിഴ് സിനിമ ഇതൊക്കെ മാനത്ത് കണ്ടിരുന്നു.
വിജയ് ആന്റണി ചിത്രം 'പിച്ചക്കാരനി' ലെ ഒരു രംഗത്തില്‍ റേഡിയോ പരിപാടിയിലേക്ക് വിളിച്ച പിച്ചക്കാരനോട് ഇന്ത്യയിലെ പട്ടിണി എങ്ങനെ തടയാം എന്ന് റേഡിയോ ജോക്കി ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇങ്ങനെ..
പട്ടിണിക്ക് പ്രധാന കാരണം കള്ളപ്പണവും അഴിമതിയുമാണ്. 500ന്റെയും 1000ന്റെയും നോട്ടുകള്‍ അസാധുവാക്കുക എന്നതാണ് ഇത് തടയാനുള്ള മാര്‍ഗം. വെറും 20% പേര്‍ മാത്രമാണ് 500,1000 നോട്ടുകള്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരുടെ കൈയ്യില്‍ ഒന്നോ രണ്ടോ 1000ന്റെ നോട്ടുകള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അത് ചില്ലറയാക്കുവാനായിരിക്കും അവരുടെ ശ്രമം.
ആയിരത്തിന്റെ നോട്ടാണെങ്കില്‍ നൂറു കോടി രൂപ വരെ രണ്ട് സ്യൂട്ടകെയ്‌സുകളിലായി നിറയ്ക്കാം. എന്നാല്‍ അത് 50ന്റെയോ 100ന്റെയോ നോട്ട് ആണെങ്കില്‍ വലിയ വീട് തന്നെ വേണ്ടി വരും പണം സൂക്ഷിക്കാന്‍. അത് സുരക്ഷിതവുമല്ല. കള്ളന്മാര്‍, പൊലീസ്, ഇന്‍കം ടാക്‌സ് എല്ലാം പ്രശ്‌നമാണ്. റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാമെന്നു വെച്ചാല്‍ സ്ഥലത്തിന്റെ വില മാറും. ടാക്‌സ് അടക്കേണ്ടി വരുമെന്നതിനാല്‍ ബാങ്കിലും ഇടാന്‍ പറ്റില്ല. രാജ്യത്തെ ധനികരെല്ലാം നികുതി അടക്കുകയാണെങ്കില്‍ രാജ്യത്ത് പട്ടിണി ഉണ്ടാവുകയില്ല.
സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് അറിയാതെ ലോകത്ത് എന്തെങ്കിലും നടക്കുമോ? ശങ്കര്‍ സംവിധാനം ചെയ്ത ശിവാജിയിലും സമാനമായ രംഗമുണ്ട്. കള്ളപ്പണം തടയാന്‍ 500, 1000നോട്ടുകള്‍ നിരോധിച്ചു എന്ന് എഴുതിയിട്ടുള്ള പത്രം ചിത്രത്തിന്റെ അവസാന ഭാഗത്ത് കാണിക്കുന്നുണ്ട്. 2007ലാണ് ഈ രജനി ചിത്രം പുറത്തിറങ്ങിയത്.
ശങ്കറിന്റെ മറ്റൊരു ഹിറ്റ് സിനിമയായ ഇന്ത്യനിലെ ഒരു ഗാനത്തിലും സമാനമായ രംഗമുണ്ട്. പച്ചൈ കിളികള്‍ എന്ന ഗാനത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ 500ന്റെ നോട്ട് തോണിയാക്കി ഒഴുക്കി കളയുന്നുണ്ട്. 1997ലാണ് ഇന്ത്യന്‍ പുറത്തിറങ്ങിയത്.
https://www.facebook.com/Malayalivartha


























