നോട്ട് നിരോധനം; സന്തോഷത്തോടെ ത്യാഗം അനുഷ്ഠിക്കുന്ന ജനങ്ങള്‍ക്ക് നന്ദി: പ്രധാനമന്ത്രി നരേന്ദ്ര മോഡി

സന്തോഷത്തോടെയും സ്വമനസാലെയും ത്യാഗം അനുഷ്ഠിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രണാമം അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തുനിന്നും വിമര്‍ശനങ്ങള്‍ ഉയരുകയും ബാങ്കിന് മുന്നിലുള്ള സാധാരണക്കാരുടെ ക്യൂ നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജപ്പാന്‍ സന്ദര്‍ശനം നടത്തുന്ന മോദി നോട്ട് പിന്‍വലിക്കല്‍ നടപടിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ചത്.
രാജ്യത്തിന് വേണ്ടി ജനങ്ങള്‍ വലിയ ത്യാഗം സഹിക്കുകയാണ്. വലിയ തീരുമാനത്തിന് ഒപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നു. കള്ളപ്പണത്തിന് എതിരായ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കോബ് ടൗണില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു.
ഏറ്റവും വലിയ ശുദ്ധീകരണ പ്രക്രിയ ആണിത്. ഇത് ഒരു രാത്രി കൊണ്ടെടുത്ത തീരുമാനമല്ല. ജനങ്ങളുടെ വൈഷമ്യത്തെപ്പറ്റി താന്‍ ബോധവാനാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ സമയം നല്‍കിയിരുന്നു. സത്യസന്ധരായവരെ സംരക്ഷിക്കും. എല്ലാ രേഖകളും പരിശോധന വിധേയമാക്കും. കണക്കില്‍പെടാത്ത പണം കണ്ടെത്തിയാല്‍ ഒരാളെയും വെറുതെ വിടാന്‍ പോകുന്നില്ലെന്നും മോദി പറഞ്ഞു.
1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം പ്രഖ്യാപിച്ചതിനുശേഷമാണ് പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനത്തിന് പോയത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ നടപടിയോട് ആദ്യം അനുകൂലമായി പ്രതികരിച്ച ജനങ്ങള്‍ പിന്നീട്, വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു. ബാങ്കുകളിലും എടിഎമ്മുകളിലും പണം ഇല്ലാത്തതും വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ വന്‍ അഴിമതി നല്‍കിയെന്ന് ആരോപിച്ചിരുന്നു. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയെന്നും, ഇതേത്തുടര്‍ന്ന് വന്‍ നിക്ഷേപം നടന്നുവെന്നുമാണ് കെജ്‌രിവാള്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.
''ഡിസംബര്‍ 30 വരെ ആര്‍ക്കും ഒരു തരത്തിലും പ്രശ്‌നങ്ങളുണ്ടാകില്ല. എല്ലാം നിങ്ങളുടേതാണ്. അത് നിങ്ങള്‍ക്ക് തീര്‍ച്ചായും ലഭിക്കും. ഞാന്‍ ഇത് കൊണ്ടുള്ള പ്രയാസങ്ങള്‍ മനസ്സിലാക്കുന്നു. നമ്മുടെ ടീം ഇത് പരിഹാരിക്കാനുള്ള വഴികളിലാണ്. ഇതൊരു രഹസ്യമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ആരുമായും പങ്കിടാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.നിരവധി പേര്‍ മോദിയുടെ ചടങ്ങിനെത്തിയിരുന്നു. ഉച്ചയോടെ ജപ്പാന്‍ പര്യടനം അവസാനിപ്പിച്ച് പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലേക്ക് മടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha


























