പഞ്ചാബിലെ നാഭാ ജയില്‍ ആക്രമണം: അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു (49) ഉള്‍പ്പെടെ ആറു പേരെ മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. അസി. ജയില്‍ സൂപ്രണ്ട് ഭീം സിങ്, ഹെഡ് വാര്‍ഡണ്‍ ജഗ്മീത് സിങ്, ബേക്കറി ഉടമ തെജീന്ദര്‍ ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പ്രരണാകുറ്റം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
അസി. ജയില്‍ സൂപ്രണ്ട് ഭീം സിങ് ജയില്‍ ചാടിയവരെ അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഭീം സിങ്ങിന്റെ മൊബൈല്‍ ഫോണ്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 29 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയെന്നും പൊലീസ് പറഞ്ഞു.
പൊലീസ് വേഷത്തിലെത്തിയ സായുധസംഘം ജയില്‍ ആക്രമിച്ചു നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് (കെഎല്‍എഫ്) മേധാവി ഹര്‍മിന്ദര്‍ സിങ് മിന്റു അടക്കം ആറുപേരെ മോചിപ്പിക്കുകയായിരുന്നു. തലങ്ങും വിലങ്ങും വെടിയുതിര്‍ത്തശേഷമാണു 10 അംഗ സംഘം തടവുകാരുമായി രക്ഷപ്പെട്ടത്. ഇതില്‍ ഹര്‍മിന്ദര്‍ സിങ് മിന്റുവിനെ രക്ഷപ്പെട്ട് 24 മണിക്കൂറിനകം ഡല്‍ഹിയില്‍ വച്ച് പിടികൂടിയിരുന്നു. ഞായറാഴ്ച രാത്രി നിസാമുദീന്‍ റെയില്‍വേ സ്‌റ്റേഷനിലാണു ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ ഹര്‍മിന്ദറിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























