ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ക്ക് മുതിരരുതെന്ന് സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദേശം. യുപിയില്‍ നിന്നുള്ള എംപിമാരുമായി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി മോദി ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി വേണ്ടതു ചെയ്യാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു.
ബിജെപിക്ക് വന്‍ വിജയം നല്‍കിയ ഉത്തര്‍പ്രദേശിലെ ജനവിധിയെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കാണാനും സംസ്ഥാനത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്‌നിക്കാനും മോദി എംപിമാരോട് ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെ കണ്ണില്‍ എല്ലാവര്‍ക്കും തുല്യ പ്രാധാന്യമാണുള്ളതെന്നും മോദി ഓര്‍മിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനാകണം എംപിമാര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്കു പുറമെ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha



























