ഇനി കേരളത്തിലെ ഒരു കുടുംബത്തിന് കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമേ ലഭിക്കുകയുള്ളു...ഏപ്രില്‍ മുതല്‍ റേഷന്‍ പഞ്ചസാര വിതരണവും മുടങ്ങും..

സംസ്ഥാനത്തിനുള്ള മണ്ണെണ്ണവിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. ഏപ്രില്‍, മെയ്, ജൂണ്‍ വിഹിതത്തില്‍ 1452 കിലോലിറ്റര്‍ മണ്ണെണ്ണയാണ് കുറവുള്ളത്. വൈദ്യുതീകരിച്ച വീടിന് ഇപ്പോൾ ലഭിക്കുന്ന അരലിറ്റര്‍ മണ്ണെണ്ണ ഏപ്രില്‍ മുതല്‍ കാല്‍ ലിറ്റര്‍ മാത്രമേ ലഭിക്കൂ.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ വിതരണത്തിനായി 16,908 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാല്‍ ഏപ്രില്‍, മെയ്, ജൂണ്‍ വിഹിതമായി കേന്ദ്രം നല്‍കിയത് 15,456 കിലോ ലിറ്റര്‍ മാത്രം.
ഗാർഹിക ആവശ്യങ്ങൾക്ക് നൽകുന്ന മണ്ണെണ്ണ മൽസ്യബന്ധനത്തിന് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞവർഷം 9660 കിലോലീറ്റർ മണ്ണെണ്ണ വെട്ടിക്കുറച്ചിരുന്നു...
2012-13 വര്‍ഷത്തില്‍ 30,300 കി. ലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മറിച്ചുവിറ്റതായി കേന്ദ്രപെട്രോളിയം മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണിത്. 2017 ഏപ്രിലിലെ അലോട്ട്മെന്റില്‍ 1,452 കി. ലൈറ്ററും ബാക്കി മണ്ണെണ്ണ അടുത്ത അലോട്ട്മെന്റിലും തിരിച്ചുപിടിക്കും.
എന്നാല്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ച് നല്‍കിയിട്ടുമുണ്ട്. ഉത്തര്‍പ്രദേശിന് 2,23,416 കിലോലിറ്ററില്‍നിന്ന് 2,33,640 കിലോലിറ്ററും ഒഡീഷയ്ക്ക് 55,896 ല്‍ നിന്ന് 62,112 ഉം മധ്യപ്രദേശിന് 84,600ല്‍നിന്ന് 88,476 കിലോലിറ്ററായും വര്‍ധിപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ വിഹിതത്തില്‍ കുറവു വരുത്തിയിട്ടുമില്ല.
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതും റേഷന്‍പഞ്ചസാര വിതരണം നിര്‍ത്തലാക്കിയതും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 27ന് പ്രധാനമന്ത്രിക്കും കേന്ദ്ര പെട്രോളിയം മന്ത്രിക്കും നിവേദനം നല്‍കുമെന്ന് ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍ വീടുകളില്‍ വിളക്ക് കത്തിക്കുന്നതിനായി നല്‍കുന്ന മണ്ണെണ്ണയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്.
ഒരുമാസത്തേക്ക് ലഭിക്കുന്ന 5,152 കി. ലിറ്റര്‍ മണ്ണെണ്ണയില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും മറ്റും നല്‍കിക്കഴിഞ്ഞാല്‍ 3,000 കി. ലിറ്റര്‍ മാത്രമാണുള്ളത്. വൈദ്യുതീകരിക്കാത്ത 2,77,210 വീടുകള്‍ക്ക് 1108 കി. ലിറ്റര്‍ മണ്ണെണ്ണ നല്‍കണം. വൈദ്യുതീകരിച്ച 77,40,813 വീടുകള്‍ക്ക് നല്‍കാന്‍ 18 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ മാത്രമാണുള്ളത്. ഇതോടെ വൈദ്യുതീകരിച്ച വീടുകള്‍ക്ക് ഇനി മുതല്‍ കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമായിരിക്കും ലഭിക്കുക.
https://www.facebook.com/Malayalivartha



























