ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പറുകള്‍ അസാധുവാക്കും

ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത പെര്‍മനന്റ് അക്കൗണ്ട് നമ്പറുകള്‍ (പാന്‍) അസാധുവാക്കും. ഡിസംബര്‍ 31 മുതല്‍ ഈ നിബന്ധന പ്രാബല്യത്തിലാക്കാനാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആലോചന.
ആദായനികുതി റിട്ടേണുകളും പാന്‍ കാര്‍ഡ് അപേക്ഷകളും സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ധനകാര്യബില്ലിന്റെ ഭാഗമാക്കി കഴിഞ്ഞ ആഴ്ച പാര്‍ലമെന്റിന്റെ അംഗീകാരം നേടിയിരുന്നു.
പ്രതിപക്ഷത്തു നിന്ന് എതിര്‍പ്പുണ്ടായെങ്കിലും ഒന്നിലധികം പാന്‍ സ്വന്തമാക്കിയുള്ള നികുതി വെട്ടിപ്പുകള്‍ തടയാന്‍ ഇത് ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തീരുമാനത്തില്‍ ഉറച്ചുനിന്നു. നികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ ജൂലൈ ഒന്നിനു പ്രാബല്യത്തിലാകും.
ഇതിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം അവസാനത്തോടെ ആധാര്‍പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധിതമാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മുതിര്‍ന്നവരില്‍ 98 ശതമാനം പേര്‍ക്കും ആധാറുണ്ടെന്നിരിക്കെ ഇതിനു മതിയായ സാവകാശമുണ്ടെന്ന് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് ചൂണ്ടിക്കാട്ടി.
പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് incometaxinidaefiling.gov.in എന്ന വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും. ഇതില്‍ പാന്‍ നമ്പര്‍ നല്‍കി വ്യക്തിപരമായ വിവരങ്ങള്‍ ശരിയെന്ന് ഉറപ്പാക്കിയതിനു ശേഷം ആധാര്‍ നമ്പര്‍ ചേര്‍ത്താല്‍ മതിയാകും.
https://www.facebook.com/Malayalivartha



























