ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനെന്ന് പ്രശാന്ത് ഭൂഷണ്‍; മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയുമായി ബിജെപി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആന്റി റോമിയോ സ്‌ക്വാഡിനെ കളിയാക്കിയുള്ള അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിനെതിരെ പരാതിയുമായി ബിജെപി.
ഇതിഹാസ പൂവാലനായിരുന്നു ശ്രീകൃഷ്ണന്‍. പൂവാലശല്യം ഒഴിവാക്കാനുള്ള ആന്റി റോമിയോ സ്‌ക്വാഡിന് ആന്റികൃഷ്ണ സ്‌ക്വാഡ്‌സ് എന്ന് പേരിടാന്‍ ആദിത്യനാഥ് ധൈര്യപ്പെടുമോ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ബിജെപിയുടെ ദില്ലി വക്താവ് തജീന്ദാര്‍ പാല്‍ സിങ് ആണ് പ്രശാന്ത് ഭൂഷണെതിരെ പരാതി നല്‍കിയത്. തിലക്മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് പരാതി ഫയല്‍ ചെയ്തത്.

തെരഞ്ഞെടുപ്പുകാലത്തെ യോഗിയുടെ വാഗ്ദാനമായിരുന്നു പൊതുസ്ഥലങ്ങളില്‍ പൂവാലന്മാരെ പൊലീസിംഗ് നടത്തുന്ന ആന്റി റോമിയോ സ്‌ക്വാഡ്. എന്നാല്‍ പിന്നീട് പ്രണയികളെയും യുവാക്കളെയും ഉപദ്രവിക്കുന്ന സദാചാര പൊലീസിംഗ് സ്‌ക്വാഡ് ആയി ആന്റി റോമിയോ സ്‌ക്വാഡ് മാറി. ഭൂഷണിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തിയെന്നു കാണിച്ച് പ്രസ്താവനയ്ക്ക് മാപ്പ് പറയണമെന്നും വിവിധ മതസംഘടനകള്‍ ആവശ്യപ്പെട്ടു.
ഷെയ്ക്‌സ്പിയര്‍ കഥാപാത്രമായ റോമിയോ അനശ്വര പ്രണയത്തിന്റെ അടയാളമാണെങ്കിലും പ്രണയിച്ച് ശല്യപ്പെടുത്തുന്നവര്‍ക്ക് വീഴുന്ന ഇരട്ടപ്പേരാണ് ഇപ്പോള്‍ റോമിയോ. അതേ രീതിയില്‍ ശ്രീകൃഷ്ണനും നല്ല ഒന്നാന്തരം പൂവാലനല്ലേ എന്ന സ്വാഭാവിക സംശയം മാത്രമാണ് പ്രകടിപ്പിച്ചതെങ്കിലും പ്രശാന്ത് ഭൂഷണെ ഹിന്ദുത്വ സംഘടനകള്‍ ഏറ്റെടുത്തുകഴിഞ്ഞു.

കൃഷ്ണന്‍ ഗോപികമാരെ ലൈംഗികമായി ഉപദ്രവിച്ചു എന്നുപറയുന്നത് തെറ്റാണ്, പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ മാത്രമേ കൃഷ്ണന് ഗോപികമാരുമായി ഉണ്ടായിരുന്നുള്ളൂ തുടങ്ങിയ ട്വീറ്റുകള്‍ പ്രശാന്ത് ഭൂഷണെ തിരുത്തിക്കൊണ്ട് എത്തുകയും ചെയ്തു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























