ഫെയ്‌സ്ബുക്കില്‍ ലൈവായി വീഡിയോ പോസ്റ്റ് ചെയ്ത് ബിഗ് ബോസ് ജേതാവിന്റെ ആത്മഹത്യാശ്രമം

ബിഗ് ബോസ് കന്നഡ സീസണ്‍ 4 ജേതാവ് പ്രതം ആത്മഹത്യക്ക് ശ്രമിച്ചു. ഫെയ്‌സ്ബുക്കില്‍ ലൈവായി വീഡിയോ പോസ്റ്റ് ചെയ്താണ് യുവാവ് ആത്മഹത്യ വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. സുഹൃത്തായ ലോകേഷിന്റെ ഉപദ്രവമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതം ഇപ്പോള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
പരിപാടിയില്‍ വിജയിച്ചതിനുള്ള സമ്മാനമായി ചാനല്‍ നല്‍കുന്ന പണത്തിന്റെ നല്ലൊരു വിഹിതം പാവപ്പെട്ടവര്‍ക്ക് കൊടുക്കുമെന്ന് പ്രതം വാക്ക് പറഞ്ഞിരുന്നു. എന്നാല്‍ ചാനല്‍ പണം നല്‍കാത്തതിനാല്‍ യുവാവിന് ഇത് വരെ പണം കൊടുക്കാന്‍ കഴിഞ്ഞില്ല. ഇത് പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായി ഇയാള്‍ പറഞ്ഞു. ഇതില്‍ ലോകേഷിന്റെ ശല്യം അതിര് കടന്നെന്നും ഇനി സഹായിക്കാന്‍ പറ്റില്ലെന്നും പറയുന്നുണ്ട്. തനിക്ക് ഇപ്പോള്‍ ചെക്ക് മാത്രമാണ് കിട്ടിയതെന്നും പണമായിട്ടില്ലെന്നും പറയുന്നു. ലോകേഷിന്റെ ഉപദ്രവം പരിധി വിട്ടെന്നും തന്റെ പേരും പ്രശസ്തിയും ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ചു.
കൂടാതെ അനാഥാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് 60,000 രൂപ ഫീസായി വാങ്ങിയിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞ് പരത്തുന്നുണ്ടെന്നും അത് സത്യമല്ലെന്നും ഇയാള്‍ വ്യക്തമാക്കുന്നു. ഇത് അവസാനത്തെ വീഡിയോ ആണെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം ഉടന്‍ തന്നെ കന്നഡ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന പ്രതം ഇതെല്ലം കാണിച്ചത് ശ്രദ്ധ നേടിയെടുക്കാന്‍ വേണ്ടിയാണെന്നും ഒരു സംസാരമുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍ജുന്‍ ഭരദ്വാജ് സമാനമായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തിരുന്നു. ബംഗളൂരു സ്വദേശിയായിരുന്ന യുവാവ് മുംബൈയിലെ സ്റ്റാര്‍ ഹോട്ടലിന്റെ 19 ാം നിലയില്‍ നിന്ന് ചാടിയായിരുന്നു ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha























