ആറാം വയസ്സില്‍ മാതാപിതാക്കള്‍ വേശ്യാലയത്തില്‍ വിറ്റു; ഇന്നവള്‍ നിയമം പഠിക്കുന്നു, കാരണം

നമ്മള്‍ ഓരോരുത്തരും എത്രമാത്രം ഭാഗ്യം ചെയ്തവരാണ് എന്ന് മനസ്സിലാക്കണമെങ്കില്‍ ഇഷികയെ പോലുള്ളവരുടെ കഥ നാം അറിയണം. അച്ഛന്റെയും അമ്മയുടെയും സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിച്ച് ഭക്ഷണത്തിനു മുട്ടില്ലാതെ പഠിക്കാനുള്ള സൗകര്യങ്ങളോടെ ജീവിക്കുന്ന നമ്മള്‍ ഭാഗ്യം ചെയ്തവര്‍ തന്നെയാണ്. കാരണം, നമ്മള്‍ ഓരോരുത്തരും നമ്മെ തുലനം ചെയ്യേണ്ടത് ചുവന്ന തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന അനാഥ ബാല്യങ്ങളുടെ വേദനകളുമായിട്ടാണ്.
ഇഷിക എന്ന പെണ്‍കുട്ടിയുടെ കഥയ്ക്ക് നമുക്ക് ചെവി നല്‍കാം. ഇഷികയ്ക്ക് ഇന്ന് പ്രായം 24 വയസ്സ്, ആറാം വയസ്സില്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നാടുകാണാന്‍ ഇറങ്ങിയതാണ് ഇഷിക. ആ യാത്രയുടെ അവസാനം അവര്‍ അവളെ ചുവന്ന തെരുവില്‍ ഉപേക്ഷിച്ചു. എന്തിനു എന്ന ചോദ്യത്തിന് മുന്നില്‍, ജീവിക്കാന്‍ വേറെ മാര്‍ഗങ്ങള്‍ ഇല്ല എന്ന ഉത്തരം നിരര്‍ഥകമാകും. പിന്നീട്, ബാല വേശ്യാവൃത്തിയുടെ ഇരയായിട്ടാണ് ഇഷിക വളര്‍ന്നത്.
ചുറ്റും അവളെ പോലെ നൂറുകണക്കിന് ആളുകകള്‍. വിഷമങ്ങളും പരാധീനതകളും പരിഭവങ്ങളും എല്ലാവര്‍ക്കും തുല്യം, അതിനാല്‍ തന്നെ അവ പങ്കുവയ്ക്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഇന്ത്യയില്‍ ഏകദേശം 20 മില്യണ്‍ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ 16 മില്യണ്‍ ആളുകള്‍ നിര്‍ബന്ധിത ലൈംഗികവൃത്തിയുടെ ഇരകളാണ് എന്നത് മറ്റൊരു യാഥാര്‍ഥ്യം.
ഏകദേശം അഞ്ച് വര്‍ഷക്കാലം ഇഷിക ബാല ലൈംഗികവൃത്തിയുടെ ഇരയായി. അതിനു ശേഷം പതിനൊന്നാം വയസ്സിലാണ് ചുവന്നതെരുവുകളില്‍ നിന്നും ലൈംഗിക തൊഴിലാളികളെ രക്ഷിച്ച് നല്ലൊരു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായുള്ള സംഘടനയായ സാന്‍ലാപ് ഇഷികയെ രക്ഷിക്കുന്നത്. അപ്പോള്‍ തനിക്ക് സംഭവിച്ച കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒന്നും തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു അവള്‍.

പിന്നീട് നടന്ന തുടര്‍ച്ചയായ കൗണ്‍സിലിംഗുകള്‍ക്ക് ഒടുവിലാണ് അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അതിനുശേഷം പഠനം ആരംഭിച്ചു. തനിക്ക് നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും കുറിച്ചുള്ള തിരിച്ചറിവും നിയമബോധവുമാണ് ഇഷികയെ പിന്നീട് ജീവിക്കാന്‍ പ്രേരിപ്പിച്ചത്. താന്‍ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുമ്പോള്‍, തന്നെ ഈ അവസ്ഥയില്‍ എത്തിച്ചവര്‍ പുറത്ത് സുഖിക്കുന്നു എന്ന ചിന്തയില്‍ നിന്നും ഇഷിക നിയമയുദ്ധം ആരംഭിച്ചു.
2003 ല്‍ അവള്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തവര്‍ക്കെതിരെ കേസ് നല്‍കി. 13 വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കേസിനു വിധിയുണ്ടായില്ല. അതിനാലാണ് നിയമം പഠിക്കാം എന്ന തീരുമാനത്തില്‍ ഇഷിക എത്തിച്ചേര്‍ന്നത്. ഇഷികയുടെ തീരുമാനത്തിന് സാന്‍ലാപ് അധികൃതരുടെ പൂര്‍ണ പിന്തുണയുണ്ട്. ഇഷിക പഠിക്കണം, അപരാധികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരികയും വേണം.
താന്‍ അനുഭവിച്ച വേദനകളും യാതനകളും ഇനി ആര്‍ക്കും ഉണ്ടാകരുത്, പ്രതികരിക്കാന്‍ എങ്കിലും ഇനിയുള്ള തലമുറ പഠിക്കണം. താന്‍ നടത്താന്‍ പോകുന്ന നിയമയുദ്ധങ്ങള്‍ ഇനി അതിനുള്ളതായിരിക്കും...ഇഷികയുടെ കണ്ണുകളില്‍ ശുഭാപ്തി വിശ്വാസത്തിന്റെ തിളക്കം.
https://www.facebook.com/Malayalivartha























