ഓഫറുകളുടെ പെരുമഴയുമായി ഈ വേനല്‍ക്കാലത്ത് കുളിരേകുന്ന ജിയോ; റിലയന്‍സ് കുടുംബത്തില്‍ തന്നെ മുട്ടന്‍ പണി കൊടുത്തു

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയില്‍ തട്ടിവീണ് സഹോദരന്‍ അനില്‍ അംബാനിയുടെ നഷ്ടങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. പല പേരുകളിലായി സൗജന്യ ഓഫറുകള്‍ തുടരുന്ന ജിയോ കാരണം മറ്റ് വലിയ ടെലികോം കമ്പനികള്‍ വലയുന്നത് വാര്‍ത്തയാണ്. ഇതിപ്പോള്‍ കുടുംബത്തിനകത്തു തന്നെ കുളംതോണ്ടിയെന്നാണ് റിപ്പോര്‍ട്ട്.
ജിയോ വിപണിയില്‍ എത്തിയതിനു ശേഷം മാത്രം അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ത്യയില്‍ വരിക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയാണ് ആര്‍കോം. വരുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് വിപണിയില്‍ നിന്നുള്ള വിവരം.
ഡ്യുറ്റ്‌ചെ ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഉപയോക്താക്കളെ പിടിച്ചുനിറുത്താനും നെറ്റ്!വര്‍ക്ക് വിപുലപ്പെടുത്താനും ആവശ്യമായ പണം ഇറക്കാന്‍ ആര്‍കോമിന് സാധിക്കുന്നില്ലത്രെ. രാജ്യത്തെ ടെലികോം വിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നാലാം സാമ്പത്തികപാദത്തില്‍ 723 മുതല്‍ 810 കോടി രൂപ വരെ നഷ്ടം സംഭവിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രമുഖ ടെലികോം കമ്പനികളായ എയര്‍ടെല്‍, ഐഡിയ തുടങ്ങിയവയും ജനുവരി– മാര്‍ച്ച് കാലയളവില്‍ കനത്ത നഷ്ടം നേരിട്ടിരുന്നു. എയര്‍സെല്ലുമായി സംയോജിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ആര്‍കോം പ്രഖ്യാപിച്ചിരുന്നു. അതേസമയം, അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് മറ്റു കമ്പനികളില്‍ നിന്ന് ടവര്‍ വാടകയിനത്തില്‍ നല്ലൊരു തുക കിട്ടുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























