ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉടന്‍ പ്രഖ്യാപിക്കാന്‍ ബിസിസിഐയ്ക്ക് നിര്‍ദ്ദേശം

ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ എത്രയും വേഗം തിരഞ്ഞെടുക്കാന്‍ ബിസിസിഐയ്ക്കു വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ഇടക്കാല ഭരണസമിതിയുടെ കര്‍ശന നിര്‍ദ്ദേശം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ആശയക്കുഴപ്പം എത്രയും വേഗം പരിഹരിച്ച്, ടീമിനെ തിരഞ്ഞെടുക്കുന്നതിനു സിലക്ഷന്‍ സമിതി യോഗം വിളിച്ചു ചേര്‍ക്കാന്‍ ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിക്ക് അയച്ച സന്ദേശത്തില്‍ സമിതി ആവശ്യപ്പെട്ടു.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി മല്‍സരത്തില്‍ പങ്കെടുക്കാന്‍ ടീം ഇന്ത്യയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു നല്‍കണം. നിലവില്‍ കിരീടം ഇന്ത്യയ്ക്കാണ് അത് നിലനിര്‍ത്തുക തന്നെ വേണം. 2017 ഏപ്രില്‍ 25ആണ് ടീമിന്റെ പട്ടിക നല്‍കാനുള്ള തീയതി എന്നാണ് മനസിലാക്കിയത്. എന്നാല്‍ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. എത്രയും വേഗം ഇത് പ്രഖ്യാപിക്കണം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പെരുമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അന്തരീക്ഷം താരങ്ങള്‍ക്കു ലഭ്യമാക്കണം. ആശയക്കുഴപ്പവും അനിശ്ചിതത്വവും ഭൂഷണമല്ല. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ടീമിനെ സജ്ജമാക്കണം. അതുവഴി, സ്വാഭാവികമായി ഉയര്‍ന്ന വരുമാനം ടീമിനെ തേടിയെത്തും സമിതി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കു ദോഷം വരുത്തുന്ന നടപടികള്‍ ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നു സമിതി നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണു ടീമിനെ തിരഞ്ഞെടുക്കാത്തത്. ക്രിക്കറ്റിന്റെ സാമ്പത്തിക നയത്തില്‍ ഐസിസി വരുത്തിയ മാറ്റത്തെ തുടര്‍ന്നാണ് ബിസിസിഐ ടീം പ്രഖ്യാപനം നീട്ടിവച്ചത്. ഇന്ത്യയുടെ വരുമാനം കുറയ്ക്കുന്ന രീതിയിലാണ് പുതിയ നടപടിയെന്നാണ് ആരോപണം. മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് മറ്റു രാജ്യങ്ങളോട് ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു.
https://www.facebook.com/Malayalivartha

























