രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ താരത്തിന്റെ കോലം കത്തിച്ച് ചെന്നൈയില്‍ പ്രതിഷേധം

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശനത്തിനെതിരെ ചെന്നൈയില്‍ പ്രതിഷേധം ശക്തം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചെന്നൈയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടങ്ങള്‍ നടക്കുന്നത്. രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീടിന് മുന്നില്‍ പ്രതിഷേധം നടക്കുന്നതിനാല്‍ തന്നെ വലിയ സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
രജനികാന്തിന്റെ കോലവും സംഘടനാ പ്രവര്‍ത്തകര്‍ കത്തിച്ചു. തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്‌നാട്ടുകാരനല്ലാത്ത ഒരാള്‍ തമിഴ്‌നാട് ഭരിക്കാന്‍ ശ്രമിക്കേണ്ടെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകവും തമിഴക വാഴ്വുരിമൈ കത്ചിയും കഴിഞ്ഞദിവസം രജനിക്കെതിരെ രംഗത്ത് വന്നിരുന്നു.
അതേസമയം താന്‍ തമിഴന്‍ തന്നെയാണെന്നാണ് കഴിഞ്ഞദിവസം വിമര്‍ശകര്‍ക്ക് രജനി നല്‍കിയ മറുപടി. 22 വര്‍ഷം കര്‍ണാടകയിലാണ് ജീവിച്ചതെന്നും എന്നാല്‍ ബാക്കി 44 വര്‍ഷവും തമിഴ്‌നാട്ടിലാണ് ജീവിച്ചതെന്നും രജനി പറഞ്ഞിരുന്നു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്.
കൂടിക്കാഴ്ചയ്ക്ക് സമ്മതം തേടി ബി.ജെ.പി നേതാക്കള്‍ താരത്തെ ബന്ധപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദല്‍ഹിയിലായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിവരം. രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബി.ജെ.പിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. അതേസമയം, രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി.
രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബിജെപിയെക്കുറിച്ചും ചിന്തിക്കുക എന്നാണ് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത്. പാര്‍ട്ടിയില്‍ രജനീകാന്തിന് വളരെ കൃത്യമായ സ്ഥാനമുണ്ടെന്നും ഗഡ്കരി പറഞ്ഞു. എട്ടു വര്‍ഷത്തിനു ശേഷം ആരാധകരുമായി നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയില്‍, ദൈവം തീരുമാനിച്ചാല്‍ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha























