അരുഷി വധക്കേസ്: ആരുഷിയുടെ കൊലയാളി ആര് എന്ന സംശയം ബാക്കിയാക്കി തല്‍വാര്‍ ദമ്പതികളെ വെറുതെവിട്ടു

അരുഷി തല്‍വാര്‍ വധക്കേസില്‍ വര്‍ഷങ്ങളോളം സംശയത്തിന്റെ മുള്‍മുനയില്‍ നിന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം. കേസില്‍ രാജേഷ് തല്‍വാര്‍, നുപൂര്‍ തല്‍വാര്‍ ദമ്പതികളെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. മാതാപിതാക്കള്‍ മകളെ കൊന്നിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ പേരിലാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്നത്. സംശയത്തിന്റെ പേരില്‍ ആരേയും ശിക്ഷിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.. ജസ്റ്റീസ് ബി.ജെ നാരായണ, ജസ്റ്റീസ് എ.കെ മിശ്ര എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.
ആരുഷിയുടെ കൊലപാതകക്കേസില്‍ നിന്ന് മാതാപിതാക്കള്‍ മോചിതരായെങ്കിലും ആരുഷിയേയും ജോലിക്കാരന്‍ ഹേംരാജിനെയും ആരാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് ഇപ്പോഴും മറുപടിയില്ല. നാലു പേര്‍ മാത്രം താമസിച്ചിരുന്ന ഫഌറ്റില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയത്തിന്റെ മുന നീളുന്നത് മറ്റു രണ്ടു പേരിലേക്കായിരിക്കും. കേസ് ഏറ്റെടുത്ത സി.ബി.ഐ ആദ്യം ഡോ.രാജേഷിന്റെ ക്ലിനിക്കിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് തെളിവിന്റെ അഭാവത്തില്‍ അവരെ വെറുതെ വിടുകയായിരുന്നു.
കേസില്‍ ഉത്തര്‍പ്രദേശിലെ വിചാരണ കോടതി 2013-ല്‍ തല്‍വാര്‍ ദമ്പതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. 2008 മേയ് 16-നാണ് ആരുഷിയെ നോയിഡയിലെ ജയ് വായു വിഹാറിലെ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സര്‍ജിക്കല്‍ കത്തികൊണ്ട് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലയ്ക്ക് പിന്നിലെന്ന് ആദ്യം സംശയിച്ചിരുന്ന വീട്ടുജോലിക്കാരന്‍ ഹേംരാജിനെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തിനു ശേഷം വീടിന്റെ ടെറസില്‍ നിന്ന്ാണ് ഹേംരാജിന്റെ മൃതദേഹം കണ്ടെത്തിയത്.
ആരുഷിയെയും ഹേംരാജിനെയും തെറ്റായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പിതാവ് വകവരുത്തിയെന്നായിരുന്നു പോലീസിന്റെ വിശ്വാസം. 2008 മേയ് 23-ന് രാജേഷിനെ യു.പി പോലീസ് അറസ്റ്റു ചെയ്തു.
2009-ല്‍ കേസ് യു.പി സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറി. സംശയത്തിന്റെ നിഴലിലായ തല്‍വാര്‍ ദമ്പതികളെ സി.ബി.ഐ അറസ്റ്റു ചെയ്തു. ഏകമകളെ കൊലപ്പെടുത്തിയത് ഡോക്ടര്‍ ദമ്പതികളായ ഇവര്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു സി.ബി.ഐ. നുപുരിനെയും സി.ബി.ഐ പ്രതിചേര്‍ത്തതോടെ 2012-ല്‍ അവര്‍ ഗാസിയാബാദ് കോടതിയില്‍ കീഴടങ്ങി. 2013 നവംബര്‍ 26-ന് സി.ബി.ഐ കോടതിയാണ് ദമ്പതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ദസ്‌ന ജയിലില്‍ കിടന്നുകൊണ്ടാണ് അവര്‍ നിയമപോരാട്ടം നടത്തിയത്.
https://www.facebook.com/Malayalivartha


























