സുപ്രീംകോടതി വെബ്സൈറ്റ് ഹാക്ക് ചെയ്തു ; സംഭവം ലോയ വിധിക്ക് പിന്നാലെ

സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന വിധിക്ക് പിന്നാലെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വെബ്സൈറ്റിനും പ്രശ്നം നേരിടുന്നത്.
ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീമാണ് സംഭവത്തിന് പിന്നില്‍. നിലവില്‍ സുപ്രീം കോടതിയുടെ സൈറ്റ് ഓഫ്ലൈനിലാണുള്ളത്. 2013-ല്‍ ഇന്ത്യന്‍ സൈറ്റുകളടക്കം നൂറുകണക്കിന് വെബ്സൈറ്റുകള്‍ ഹൈടെക്ക് ബ്രസീല്‍ ഹാക്ക് ടീം ഹാക്ക് ചെയ്തിട്ടുണ്ട്. പാകിസ്താനില്‍ നിന്നും ചൈനയിൽ നിന്നുമുള്ള ഇരട്ട ഭീഷണിക്ക് തിരിച്ചടി നല്‍കാനുള്ള യുദ്ധതന്ത്രങ്ങൾ ആരംഭിച്ചതായി വ്യോമസേന പ്രഖ്യാപിച്ചിരുന്നു.
സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന പൊതുതാല്പര്യ ഹര്‍ജികള്‍ കോടതി തള്ളിയതിന് മിനിറ്റുകള്‍ക്കകമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എ എം ഖന്‍വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ബിജെപി അധ്യക്ഷന്‍ അമത് ഷാ പ്രതിയായ ഗുജറാത്തിലെ സൊറാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ക്കേസിന്റെ വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരിലെ ഹോട്ടലില്‍ ലോയയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























