മന്‍സൂറിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്ന് രമേശ് ചെന്നിത്തല

കണ്ണൂരിലെ പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നു. ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമാണ്.
അതിനാല്‍ ഒരു ഡയറക്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ ടീമിനെ ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കണം. ഈ കേസില്‍ ലീഗ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും പിടിച്ചു കൊടുത്ത പ്രതികളെയല്ലാതെ മറ്റാരെയും പിടകൂടിയിട്ടില്ല. ഈ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കമുണ്ട്.
നാളെ പ്രതിപക്ഷ നേതാവും പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.സുധാകരനും സംഭവസ്ഥലം സന്ദര്‍ശിക്കും. വോട്ടെടുപ്പിന് ശേഷം സി.പി.എം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുന്നു. സി.പി.എം കൊലപാതകത്തിന്റെ പാത ഉപേക്ഷിക്കണം. ആയുധം താഴെ വയ്ക്കണം.
അതേ സമയം പാനൂര്‍ മന്‍സൂര്‍ വധക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന തീരുമാനം കഴിഞ്ഞ ദിവസം വന്നിരുന്നു . ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മയിലിന്‍റെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുക. 11 പ്രതികളെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ പ്രതികളെ പിടിക്കുന്നതിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സമാധാന യോഗം പ്രഹസനമാണെന്ന് ആരോപിച്ച് യുഡിഎഫ് ഇത് ബഹിഷ്കരിക്കുകയും ചെയ്തു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി 15 അംഗ സംഘത്തെ നിയോഗിച്ചത്.
പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.
എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടാത്ത പോലീസിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha