'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമകളും മടിക്കുന്നു; അവർ എന്തിനെയോ ഭയപ്പെടുന്നു; കേരളം ഇങ്ങനെ ആയിരുന്നില്ല; ആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തു കൊണ്ടാണെന്ന് കെ.സുരേന്ദ്രൻ

കശ്മീരി പണ്ഡിറ്റുകളുടെ കഥപറയുന്ന ചിത്രം ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത തീയേറ്റർ ഉടമകൾക്കെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ സിനിമ എത്തിയത്. തീയേറ്ററുകളിൽ ഈ സിനിമ പ്രദർശനം നടത്തുന്നതിനെതിരെ ഒരുവിഭാഗം ആളുകൾ പ്രതിഷേധസ്വരമുയർത്തി .
അക്കാരണത്താൽ കേരളത്തിൽ ആകെ രണ്ട് തീയേറ്ററുകളിൽ മാത്രമേ ചിത്രം പ്രദർശിപ്പിച്ചുള്ളു . ഈ വിഷയത്തിലാണ് കെ.സുരേന്ദ്രൻ പ്രതിഷേധിച്ചത് . ‘ദി കശ്മീർ ഫയൽസ് എന്ന ചിത്രം പ്രദർശിപ്പിക്കാൻ എന്തുകൊണ്ട് കേരളത്തിലെ പല തീയേറ്ററുടമകളും മടിക്കുന്നു എന്ന് കെ സുരേന്ദ്രൻ ചോദിക്കുന്നു. അവർക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ടാവാനിടയില്ല. കാരണം ഇതുപോലെ പ്രചാരം ഇറങ്ങുന്നതിനുമുന്നേ ലഭിച്ച ഒരു ചലച്ചിത്രം അടുത്ത കാലത്തൊന്നുമിറങ്ങിയിട്ടില്ല.
അപ്പോൾ അവർ എന്തിനെയോ ഭയപ്പെടുന്നു എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. ആരാണ് ഇത്തരം ഒരു ഭയം അവരെ അടിച്ചേൽപ്പിക്കുന്നത്? അതുതന്നെയാണ് പ്രധാനവും. കേരളം ഇങ്ങനെ ആയിരുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യവും പുരോഗമനചിന്തയും സെലക്റ്റീവ് ആവുന്നതെന്തുകൊണ്ട്? പരിഷ്‌കൃത സമൂഹത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണെന്നും .’ കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ചിത്രത്തിന് കൊച്ചി ലുലുവിലെ പിവിആറിൽ രണ്ട് ഷോയും കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഒരു ഷോയുമാണ് ഉണ്ടായിരുന്നത്. കൂടുതൽ ഷോകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധവും ഉയർന്നു. പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് രണ്ട് ജില്ലകളിൽ കൂടി ചിത്രം പ്രദർശനത്തിന് അനുമതി ഉണ്ട് . തൃശൂർ ശോഭാ മാളിലെ ഐനോക്സ് തീയേറ്ററിലും തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് സിനിമാസിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
എന്നാൽ ചില തീയേറ്ററുടമകൾ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ല. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ചിത്രത്തിന് വിനോദ നികുതി ഒഴിവാക്കി. ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കിയത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ദി കശ്മീർ ഫയൽസ് വിവേക് അഗ്‌നിഹോത്രിയാണ് സംവിധാനം ചെയ്തത്.
രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം.റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ, ചിത്രം 12 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha