രാജ്യത്ത് കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നത്; കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങും; പകരം ബിജെപി ശക്തിപ്രാപിക്കും; . രാഹുൽഗാന്ധി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനല്ല; കോൺഗ്രസിനെ പരിഹസിച്ച് പി സി ജോർജ്

കോൺഗ്രസിനെ പരിഹസിച്ച് പി സി ജോർജ് രംഗത്ത്. രാജ്യത്ത് കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നതെന്ന് പിസി പറഞ്ഞു . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങും . പകരം ബിജെപി ശക്തിപ്രാപിക്കുമെന്നും പിസി പറഞ്ഞു .
അടുത്ത ഒരു വർഷത്തിനുള്ളിൽ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറുമെന്നാണ് പിസിയുടെ പ്രവചനം . പ്രിയങ്ക ഗാന്ധിയുടെ മാത്രം കുഴപ്പം കൊണ്ടല്ല ഉത്തർപ്രദേശിൽ തോറ്റത് . പ്രിയങ്ക ഗാന്ധിക്ക് ചുമതല നൽകി ഉത്തർപ്രദേശിലേക്ക് വിട്ടു. പക്ഷേ മറ്റാരും സഹായിക്കാൻ ഉണ്ടായിരുന്നില്ല . കോൺഗ്രസിനെ തിരികെ കൊണ്ടുവന്നാൽ ഇനി പുതിയ നേതൃത്വം ഉണ്ടാകണമെന്നും വ്യക്തമാക്കി.
രാഹുൽഗാന്ധി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനല്ല. ഇടയ്‌ക്കിടയ്‌ക്ക് വിദേശത്ത് പോകേണ്ട ആവശ്യം ഉള്ള ആളാണ് രാഹുൽ ഗാന്ധി എന്നും പിസി ജോർജ് പരിഹസിക്കുകയും ചെയ്തു. കോൺഗ്രസ് പ്രധാനമന്ത്രി പറഞ്ഞതുപോലെയായി മാറുകയാണ്.ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ല എന്നും പിസി ജോർജ് വ്യക്തമാക്കി.
കേരളത്തിൽ 46% ന്യൂനപക്ഷ സമുദായങ്ങൾ ആണ്. ആം ആദ്മി പാർട്ടിക്ക് ഏതെങ്കിലും വിഭാഗത്തിന്റെ പിന്തുണ ഇല്ലെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനു താനില്ലെന്നും പിസി പറഞ്ഞു. രാജ്യസഭ സ്ഥാനാർഥി പ്രഖ്യാപനവുമായി സിപിഎം മുന്നോട്ട് പോകുന്നതിനെയും പിസി ജോർജ് പരിഹസിച്ചു.
എ എ റഹീമിനെ രാജ്യസഭ സ്ഥാനാർത്ഥിയാക്കി സിപിഎം പ്രഖ്യാപിച്ചതിനെ പിസി ജോർജ് സ്വാഗതം ചെയ്തു. കണ്ണൂർ ജില്ലാ സെക്രട്ടറിയായ പി സന്തോഷ് കുമാറിനെ സിപിഐ പ്രഖ്യാപിച്ചതിനെയും പിസി ജോർജ് സ്വാഗതം ചെയ്തു. ഇടതുപാർട്ടികൾ യുവ നേതാക്കളെ സ്ഥാനാർത്ഥികൾ ആക്കുന്നതിനെ ചൂണ്ടിക്കാണിച്ചായിരുന്നു പിസി ജോർജ് വിമർശിച്ചത് . കോൺഗ്രസ് ഇതേ മാതൃക പിന്തുടരണമെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു.
യുവാക്കൾക്ക് അവസരം നൽകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് പിസി ജോർജ് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസഭാ സ്ഥാനാർഥി ആകാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് നടത്തുന്ന നീക്കങ്ങളെ പിസി ജോർജ് പരിഹസിച്ചു. കെ വി തോമസിന് ചെവി കേൾക്കുമോ എന്നായിരുന്നു പിസി ജോർജിന്റെ പരിഹാസം.
തന്നെ പഠിപ്പിച്ച അധ്യാപകനാണ് കെ വി തോമസ് എന്നും പിസി ജോർജ് പറയുന്നു. അനുഭവ സമ്പത്തുള്ള നേതാവ് തന്നെയാണ് കെ വി തോമസ്. എന്നാൽ ആ അനുഭവസമ്പത്ത് ചെറുപ്പക്കാർക്ക് പറഞ്ഞു കൊടുക്കാൻ ആണ് ഇനി കെ വി തോമസ് ശ്രമിക്കേണ്ടത്. കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഉദ്ബുദ്ധരാക്കാനാണ് കെ വി തോമസ് ഇനി ശ്രമിക്കേണ്ടത് എന്നും പി സി ജോർജ്ജ് പറഞ്ഞു.
കോൺഗ്രസിൽ നിന്ന് ആര് രാജ്യസഭാ സ്ഥാനാർഥിയാക്കണമെന്ന് അഭിപ്രായം പറയാൻ താൻ ഇല്ല. അക്കാര്യത്തിൽ താനൊരു മാവിലായിക്കാരൻ ആണ് എന്നും പിസി ജോർജ് പറഞ്ഞു.യുവതലമുറ കോൺഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പിസി ജോർജ് പറഞ്ഞു. പ്രിയങ്ക ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തണമെന്ന് പിസി ജോർജ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha