കമ്മ്യൂണിസത്തിന്റെ ശവപ്പറമ്പായി ഇന്ത്യ താമസിക്കാതെ മാറും; ചെങ്കൊടികളുടെ പ്രളയമാണ് കണ്ണൂരിൽ; പക്ഷേ ഇന്ത്യയിൽ എവിടെയെങ്കിലും ചെങ്കൊടി കാണണമെന്നുണ്ടെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണം; ചെങ്കൊടിയെന്നാൽ അപായ സൂചനയാണ്; സിപിഎമ്മിന്റെ അന്ത്യകൂദാശ ഉടൻ നടക്കുമെന്ന പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

സിപിഎം -ന്റെ അന്ത്യകൂദാശ ഉടൻ നടക്കുമെന്ന പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ നടക്കാനിരിക്കുന്നത് സിപിഎം -ന്റെ അന്ത്യകൂദാശയാണ്. കമ്മ്യൂണിസത്തിന്റെ ശവപ്പറമ്പായി ഇന്ത്യ താമസിക്കാതെ മാറുമെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു. കണ്ണൂർ മാമാങ്കത്തിനൊന്നും ഊർദ്ധശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ രക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചെങ്കൊടികളുടെ പ്രളയമാണ് കണ്ണൂരിൽ. പക്ഷേ ഇന്ത്യയിൽ എവിടെയെങ്കിലും ചെങ്കൊടി കാണണമെന്നുണ്ടെങ്കിൽ അപകടത്തിലായ പാലത്തിന്റെയോ റോഡിന്റെയോ അരികിലെത്തണമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ചെങ്കൊടിയെന്നാൽ അപായ സൂചനയാണെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പരിഹാസം.
ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ സി പി എമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ല. കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന വെറുമൊരു പ്രാദേശിക കക്ഷിയാണ് സിപിഎം ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു . കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ നടക്കുന്നത് ദേശീയ കക്ഷിയായി പിടിച്ചു നിൽക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചുള്ള ചർച്ചയാണ്.
മുഖ്യവിഷയം കോൺഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് . കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം വിളിക്കുന്നത് സി പി എമ്മിന്റെ കേരള ഘടകം മാത്രമാണ്. അതും ബി ജെ പിക്കൊപ്പം ചേർന്നാണ് മുദ്രാവാക്യം വിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോക്സഭയിൽ എകെജി പ്രതിപക്ഷ നേതാവായിരുന്ന ഒരു കാലമുണ്ടായിരുന്നു. ലോക്സഭയിൽ സി പി എം ഇപ്പോൾ പന്ത്രണ്ടാം കക്ഷിയാണ്. 10 ൽ നിന്നും 1.75 ശതമാനമായി വോട്ടു വിഹിതം ഇടിഞ്ഞു. ഇപ്പോഴുള്ളത് ലോക് സഭയിൽ കേവലം 3 സീറ്റും വിവിധ നിയമസഭകളിൽ 88 സീറ്റും മാത്രമാണ് . ഈ സീറ്റുകൾ നേടിയതാകട്ടെ കോൺഗ്രസുമായും ഇതര കക്ഷികളുമായി സഖ്യമുണ്ടാക്കിയതിലൂടെയാണ്.
സി പി എമ്മിന് ലോക്സഭയിൽ 43 സീറ്റുകൾ ലഭിച്ചത് 2004 ൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയപ്പോഴായിരുന്നു. കോൺഗ്രസ് ബന്ധം പോയതോടെ സിപിഎം മിക്ക സംസ്ഥാനങ്ങളിലും വട്ടപൂജ്യമായി മാറിയിരിക്കുന്ന അവസ്ഥയാണ് . ജോതി ബാസുവിന് പ്രധാനമന്ത്രി സ്ഥാനം വരെ ഓഫർ ചെയ്തത് കോൺഗ്രസാണ് എന്നും ചെറിയാൻ ഫിലിപ് പ്രതികരിക്കുന്നു. .
സി പി എം ന്റെ ദില്ലിവാസികളായ അഖിലേന്ത്യാ നേതാക്കൾ സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും ദില്ലിയിലെ ചെങ്കോട്ടയിൽ ചെങ്കൊടി നാട്ടുമെന്ന് വെല്ലുവിളിച്ചിരുന്നു. എന്നാൽ ജീവിതത്തിൽ ഒരിക്കലും അരിവാൾ ചുറ്റിക ചിഹ്നത്തിൽ വോട്ടു ചെയ്യാനവർക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി പി എം ശക്തി കേന്ദ്രങ്ങളാണ് തെലുങ്കാന ഉൾപ്പെടെയുള്ള കാർഷിക വിപ്ലവ മേഖലകളും മുംബൈ, കൽക്കട്ട തുടങ്ങിയ വ്യവസായ നഗരങ്ങളും . എന്നാൽ അവിടെയൊന്നും ചെങ്കൊടി കാണ്മാനില്ലെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമിയിൽ നിന്നും സിപിഎം ഒലിച്ചു പോയെന്നും ചെറിയാൻ ഫിലിപ് പ്രതികരിക്കുന്നു.
https://www.facebook.com/Malayalivartha