മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി സഹോദരൻ ഉൾപ്പടെയുള്ളവർ: ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാർട്ടിയും നൽകിയതെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മൻ ചാണ്ടി....

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സഹോദരൻ ഉൾപ്പെടെയുള്ളവർ നിവേദനം നൽകി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ അടുത്ത ബന്ധുക്കൾ പോലും ആശങ്കയിലാണ്. ഉമ്മൻ ചാണ്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് വാദിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം തനിക്ക് നല്ല ചികിൽസ കിട്ടുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്ന വീഡിയോയും എത്തി. ആ വീഡിയോയിലും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം സംശയത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയത്.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയായിരുന്നു. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജർമ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ വൈകുന്നതാണ് ഇപ്പോൾ മറ്റൊരു ആശങ്കയായി മാറുന്നത്. അവിടെയും തടസമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർ തന്നെയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇതാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ സഹോദരൻ അടക്കമുള്ളവരും ആരോപിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹോദരൻ അലക്‌സ് വി. ചാണ്ടി അടക്കമുള്ള 42 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർക്കും നൽകി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വിദഗ്ധ ഡോക്ടറെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നാണ് ആവശ്യം.
ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകുന്നത്. ജനുവരിയിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. തുടർച്ചികിത്സ നൽകിയിട്ടില്ലെന്നാണ് നിവേദനത്തിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെത്തിച്ച് ഉടൻ ചികിത്സനൽകുമെന്ന് മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2015ൽ ആരംഭിച്ച അർബുദ ബാധ ക്രമാതീതമായി വഷളായി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ അടുത്ത ബന്ധുക്കൾ ആരോപിക്കുന്നത്.
അതേ സമയം ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നവെന്ന മാദ്ധ്യമവാർത്തകൾ പ്രചരിക്കുന്നതിനിടെ ഉമ്മൻചാണ്ടിയുടെ മകൻ വീഡിയോയുമായി എത്തുകയും ചെയ്തിരുന്നു. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാർട്ടിയും നൽകിയതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉമ്മൻചാണ്ടി പ്രതികരിച്ചു. തുടർചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയിൽ യാതൊരു വീഴ്ചയുമില്ല. വിദഗ്ധമായ ചികിത്സയാണ് ലഭിച്ചത്. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വിദേശത്തെയും ബംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണത്തെ എതിർത്തും, സാഹചര്യങ്ങൾ വിശദീകരിച്ചും മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബംഗളുരുവിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്.
അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും നൽകുന്നത്. മരുന്നും ഭക്ഷണക്രമവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സരീതിയാണ് ഡോക്ടർ നിർദേശിച്ചത്. നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിലാണ്. ഡിസംബർ 26-നും ജനുവരി 18-നും ബാംഗ്ലൂരിലെത്തി തുടർപരിശോധനകൾ നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. അടുത്ത റിവ്യൂവിന് സമയമായിട്ടുണ്ട്. വീട്ടിൽ കൂടിയാലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.
https://www.facebook.com/Malayalivartha