ഭരണകക്ഷി എം.എല്‍.എയും എസ്.പിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നസംഭവം; കേരളത്തിലെ പൊലീസ് സേനയുടെയും ആഭ്യന്തര വകുപ്പിന്റെയും തലയില്‍ മൊത്തത്തില്‍ ഒരു പുതപ്പ് ഇടുന്നതാണ് നല്ലത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഭരണകക്ഷി എം.എല്‍.എയും എസ്.പിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നപ്പോള്‍ കേരളത്തിലെ പൊലീസ് സേനയുടെയും ആഭ്യന്തര വകുപ്പിന്റെയും തലയില്‍ മൊത്തത്തില്‍ ഒരു പുതപ്പ് ഇടുന്നതാണ് നല്ലത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പൊലീസ് സേന അടിമക്കൂട്ടമായി അധപതിച്ച കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്‌കോട്‌ലന്‍ഡ് യാഡിനെ വെല്ലുന്ന പൊലീസായിരുന്നു കേരളത്തിലെ പൊലീസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപകസംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയിലും പുറത്തും പറഞ്ഞിട്ടുണ്ട്. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പറയുന്നതിന് അപ്പുറം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഒന്നും ചെയ്യില്ലെന്നാണ് ഒരു എസ്.പി പറഞ്ഞിരിക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയെ കുറിച്ച് ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് എസ്.പി ഉന്നയിച്ചത്. എസ്.പിയുടെ ആരോപണങ്ങള്‍ ശരി വയ്ക്കുകയാണ് ഭരണപക്ഷ എം.എല്‍.എ. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയതിന് കേസെടുത്ത ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ എ.ഡി.ജി.പി രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നും അറസ്റ്റിന് പൊലീസ് എത്തിയപ്പോള്‍ എ.ഡി.ജി.പി ഒറ്റിക്കൊടുത്തെന്നുമാണ് ആരോപണം.
എ.ഡി.ജി.പിയുടെ അളിയന്‍മാരാണ് പണപ്പിരിവ് നടത്തുന്നതെന്നു എസ്.പി ആരോപിക്കുന്നത്. മറ്റു ജില്ലകളിലെ എസ്.പിമാര്‍ക്കെതിരെയും ഹീനമായ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യസന്ധനായ മലപ്പുറം എസ്.പിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇവരെല്ലാം ചേര്‍ന്ന് ഗൂഡാലോചന നടത്തുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha