തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കും; "വികസിത കേരളം" ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മവാർഷിക ദിനത്തിൽ "വികസിത കേരളം" ലക്ഷ്യം മുൻനിർത്തിയുള്ള സംസ്ഥാനവ്യാപക ജനസമ്പർക്ക പരിപാടിക്ക് ബിജെപി തുടക്കം കുറിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി, പാർട്ടിയുടെ വികസന സന്ദേശം ഓരോ വീട്ടിലും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്ത് രാജാജി നഗറിൽ ബിജെപി അധ്യക്ഷൻ ഗൃഹസമ്പർക്ക പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം കൊണ്ടുവരാൻ വികസിത കേരളം ഇവിടെ സൃഷ്ടിക്കണം. ഇത് പാർട്ടിയുടെയും ഓരോ പ്രവർത്തകന്റെയും ദൗത്യമാണ്. ബിജെപി പ്രവർത്തകർ എല്ലാ വീടുകളിലും കയറിയിറങ്ങി, പാർട്ടിയുടെ വികസന കാഴ്ചപ്പാട് വിശദീകരിക്കും. ബിജെപി ഉയർത്തിപ്പിടിക്കുന്ന "പൊളിറ്റിക്സ് ഓഫ് പെർഫോമൻസ്" എന്ന നയത്തിലൂന്നി, കേരളത്തിന്റെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ ജനങ്ങളുമായി ചർച്ച ചെയ്യും.
കഴിഞ്ഞ 75 വർഷത്തെ കോൺഗ്രസിൻ്റെയും ഇടതുമുന്നണിയുടെയും ഭരണത്തിൽ സംസ്ഥാനത്തിനുണ്ടാക്കിയ വികസനമുരടിപ്പും ഭരണപരാജയങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.
കഴിഞ്ഞ 10 വർഷത്തെ പിണറായി സർക്കാരിന്റെ പരാജയങ്ങൾ എടുത്തു പറയും. കേരളത്തിന്റെ ശോഭനമായ ഭാവിക്കായി ബിജെപി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും വികസന പദ്ധതികളും ജനങ്ങളോട് നേരിട്ട് വിശദീകരിക്കുകയും ചെയ്യും.
വികസിത കേരളം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സമ്പർക്ക യജ്‌ഞത്തിനാണ് തുടക്കമായത്. മുതിർന്ന നേതാക്കൾ നഗരങ്ങളിൽ സമ്പർക്ക യജ്ഞത്തിന് നേതൃത്വം നൽകി.
https://www.facebook.com/Malayalivartha