കേരളത്തിന്റെ ധനസ്ഥിതി സംസ്ഥാന ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലേക്ക് തകര്‍ന്നിരിക്കുകയാണ്; വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ഗുരുതരമായ തകര്‍ച്ചയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സംസ്ഥാനത്ത് ധനപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ഗുരുതരമായ തകര്‍ച്ചയാണ് കുറെ മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . പ്രതിസന്ധി ഇന്നും തീരും നാളെ തീരുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. അങ്ങനെയൊരു പ്രതീക്ഷ ധനകാര്യമന്ത്രി ബജറ്റില്‍ നല്‍കുകയും ചെയ്തിരുന്നു. നികുതി വളര്‍ച്ചയില്‍ വലിയൊരു മാറ്റമുണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിന്റെ ധനസ്ഥിതി സംസ്ഥാന ചരിത്രത്തില്‍ ഒരു കാലത്തും ഉണ്ടാകാത്ത തരത്തിലേക്ക് തകര്‍ന്നിരിക്കുകയാണ്.
ഒരോ വകുപ്പെടുത്ത് പരിശോധിച്ചാലും പണമില്ലാത്തതു കൊണ്ട് നിര്‍ത്തിവയ്ക്കപ്പെട്ടിരുന്ന നിരവധി ക്ഷേമ പദ്ധതികളും വികസന പദ്ധതികളുമുണ്ട്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കോടികളുടെ കുടിശിക വരുത്തിയതിനാല്‍ മരുന്ന് കമ്പനികള്‍ വിതരണം നിര്‍ത്തിയിട്ടുണ്ട്. കരാറുകാര്‍ക്കും കോടികള്‍ നല്‍കാനുണ്ട്. സപ്ലൈകോയിലും പലപ്പോഴും സാധനങ്ങള്‍ വിതരണം ചെയ്യുന്നില്ല. ജീവനക്കാര്‍ക്ക് പെന്‍ഷന്‍കാര്‍ക്കും ഒരു ലക്ഷം കോടി രൂപയാണ് നല്‍കാനുള്ളത്. എന്നിട്ടും സര്‍ക്കാര്‍ വിലാസം സംഘടനകള്‍ ഡോക്യുമെന്ററി ഉണ്ടാക്കി കൈകൊട്ടിക്കളി നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു .
ജി.എസ്.ഡി.പി അനുപാതത്തിന്റെ മൂന്നു ശതമാനമായ 39,876 കോടി രൂപയാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം തുടങ്ങി ആറു മാസമാകുമ്പോള്‍ തന്നെ 25988.007 കോടി രൂപ കടമെടുത്ത് കഴിഞ്ഞു. ഈ മാസം 2000 കോടി കൂടി എടുക്കുമ്പോള്‍ അടുത്ത മൂന്നു മാസം ഏഴായിരം കോടി രൂപ മാത്രമാണ് ബാക്കിയുള്ളത്.
എത്രയോ തവണയാണ് സംസ്ഥാനത്ത് ട്രഷറി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 25 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു. ഇത് 10 ലക്ഷം രൂപയാക്കി. പിന്നീട് അഞ്ച് ലക്ഷം രൂപയാക്കി. ഒരു സര്‍ക്കാര്‍ നിരന്തരമായ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ അര്‍ത്ഥം സംസ്ഥാനത്ത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നാണോ എന്നും അദ്ദേഹം പറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി ഭേദഗതി കൊണ്ടു വന്നതോടെ 48000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കുറവ് വരുമെന്നാണ് കണക്ക്. എന്നാല്‍ നമ്മുടെ മന്ത്രിയുടെ കണക്കനുസരിച്ച് കേരളത്തില്‍ 8000 മുതല്‍ 10000 കോടിയുടെ കുറവ് വരുമെന്നാണ്. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മനസിലാകുന്നില്ല.
ഇതിന് മുന്‍പ് വച്ച കണക്കുകള്‍ക്ക് ക്രെഡിബിലിറ്റി ഇല്ലാത്തുകൊണ്ട് ഈ കണക്ക് എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. നികുതി കുറയ്ക്കുമ്പോള്‍ ആ പണം ജനങ്ങളുടെ കയ്യിലേക്കാണ് എത്തുന്നത്. അതൊരു അവസരമായി എടുത്ത് ജനങ്ങളെക്കൊണ്ട് പണം ചെലവാക്കിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയണം. നികുതി കുറയുമ്പോള്‍ ജനങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ കൂടും. ആ എക്‌സ്‌പെന്‍ഡിച്ചര്‍ വര്‍ധിപ്പിച്ച് ടാക്‌സ് ബേസ് വര്‍ധിപ്പിച്ച് നികുതി വരുമാനം വര്‍ധിപ്പിക്കാനുള്ള എന്ത് പദ്ധതിയാണ് നിങ്ങളുടെ കയ്യിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha























