വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ; കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ആവശ്യം കേരളത്തിൽ ആദ്യം ഉന്നയിച്ച പാർട്ടി ബിജെപിയാണ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന രാജ്യമാണ് ഭാരതം. ജനാധിപത്യം നിലനിൽക്കുന്ന മറ്റു പല രാജ്യങ്ങളിലും ഇത്ര കുറ്റമറ്റ രീതിയിൽ ജനപങ്കാളിത്തത്തോടെ സർക്കാരിനെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വോട്ടർ പട്ടികയുടെ വിശ്വാസ്യതയാണ് ജനാധിപത്യ ഭരണത്തിന്റെ അടിത്തറ.
എന്നാൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് ചില അതിർത്തി സംസ്ഥാനങ്ങളിൽ, പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ അനധികൃത കുടിയേറ്റവും ആ കുടിയേറ്റക്കാർക്ക് തിരിച്ചറിയൽ രേഖകളും നൽകി വോട്ടർ പട്ടികയിൽ ചില ക്രമക്കേടുകൾ വരുന്നു എന്ന ആരോപണം ശക്തമായിരുന്നു. നമ്മുടെ പൗരന്മാർ അല്ലാത്തവർ വ്യാജ രേഖകൾ ചമച്ച് വോട്ടർ പട്ടികയിൽ കടന്നുകൂടുന്നത് ഗുരുതര പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ വോട്ടർ പട്ടിക പരിഷ്കരണം ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണ അധികാരമുള്ള സ്വതന്ത്ര സംവിധാനമാണ്. നമ്മുടെ രാജ്യത്തിന്റെ ആത്മാവായ ജനാധിപത്യത്തെ പവിത്രതയോടെ കാത്തുസൂക്ഷിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.
അത്തരം ഇടപെടലിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുറ്റമറ്റ രീതിയിൽ വോട്ടർ പട്ടിക തയ്യാറാക്കിയാൽ മാത്രമേ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് 100% വിജയകരമാണ് എന്ന് പറയാൻ സാധിക്കൂ. അതിനായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്ക് എല്ലാ പിന്തുണയും ബിജെപി ഉറപ്പു നൽകുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha



























