ചാണ്ടി ഉമ്മൻ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നത് ജനറൽ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കുമെന്നായിരുന്നു; കെപിസിസി പുനസംഘടനയിൽ എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ നിന്നും ഒഴിവാക്കിയതാണ് പ്രധാന പ്രതിഷേധങ്ങളിൽ ഒന്ന്.
മുരളീധരൻ കെപിസിസി നേതൃത്വത്തിന് മുന്നോട്ട് വെച്ച ഏക പേര് ന്യൂനപക്ഷ സെൽ വൈസ് ചെയർമാനായ കെ.എം. ഹാരിസിന്റേതായിരുന്നു. എന്നാൽ, ഹാരിസിനെ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നത് മുരളീധരന്റെ കടുത്ത അമർഷത്തിന് കാരണമായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനായ ചാണ്ടി ഉമ്മന്റെ അനുയായികളും പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചു എന്ന പരാതിയുമായി രംഗത്തുണ്ട്. ചാണ്ടി ഉമ്മൻ അനുകൂലികൾ പ്രതീക്ഷിച്ചിരുന്നത് ജനറൽ സെക്രട്ടറി സ്ഥാനമോ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കുമെന്നായിരുന്നു.
ഇതിനിടെ, യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് തന്നെ ഒരു വർഷം മുൻപ് “അപമാനിച്ച് പുറത്താക്കി” എന്ന് ചാണ്ടി ഉമ്മൻ ഇന്നലെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വലിയ ഭാരവാഹി പട്ടികയാണ് കെപിസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ആറ് അംഗങ്ങളെ കൂടി അധികമായി ഉൾപ്പെടുത്തി രാഷ്ട്രീയകാര്യ സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്.
സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ലിജുവിനെ മാറ്റി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡന്റായും നിയമിച്ചു.
https://www.facebook.com/Malayalivartha