സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ഒപ്പിട്ടത്; പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പി.എം ശ്രീ പദ്ധതിയില്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത് ഒക്ടോബര്‍ 16 നാണെന്നാണ് രേഖകള്‍. ഒക്ടോബര്‍ 10 നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും അമിത്ഷായെയും കണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഒക്ടോബര്‍ 22 ന് മന്ത്രിസഭാ യോഗം ചേര്‍ന്നു. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രി കെ.രാജന്‍ പി.എം ശ്രീ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മിണ്ടാതിരുന്നു. എത്ര വലിയ കബളിപ്പിക്കലാണ് ഇവര്‍ നടത്തിയത്. എന്തിനാണ് മന്ത്രിസഭ? മന്ത്രിമാര്‍ രാജിവയ്ക്കുന്നതാണ് നല്ലത്.
സി.പി.ഐയെ മാത്രമല്ല കേരളത്തെ മുഴുവന്‍ ഇരുട്ടിലാക്കിയാണ് പി.എം ശ്രീ ഒപ്പിട്ടത്. പത്താം തീയതി മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത്ഷായെയും കാണുന്നു. പതിനാറാം തീയതി കരാര്‍ ഒപ്പിടാന്‍ എന്ത് സമ്മര്‍ദ്ദമാണ് മുഖ്യമന്ത്രിയുടെ മേല്‍ ഉണ്ടായത്? ഏത് തരം ബ്ലാക്ക്‌മെയിലിംഗ് ആണ് നടന്നിരിക്കുന്നത്? എന്ത് ഗൂഢാലോചനയാണ് നടന്നത് എന്നത് പുറത്ത് വരണം. മന്ത്രിസഭയിലോ എല്‍.ഡി.എഫിലോ ചര്‍ച്ച ചെയ്തില്ല. സിപിഎം ദേശീയ സെക്രട്ടറി എം.എ ബേബി പോലും ഇതറിഞ്ഞിട്ടില്ല. ആരും അറിയാതെ ഇത്ര രഹസ്യ സ്വഭാവത്തില്‍ പി.എം ശ്രീയില്‍ ഒപ്പുവയ്ക്കാനുള്ള ദുരൂഹത മറനീക്കി പുറത്ത് വരണം.
സാമ്പത്തിക പ്രതിസന്ധിയെന്നാണ് ഇന്നലെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയും ധനമന്ത്രിയും സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പറയുന്നത്. കിഫ്ബി വഴി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്തര്‍ദേശീയ നിലവാരത്തിലെത്തി എന്നാണ് അവകാശപ്പെടുന്നത്. പിന്നെ എന്തിനാണ് ഇങ്ങനെ കീഴടങ്ങി പണം വാങ്ങുന്നത്. പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസാരിക്കുന്നത്. ഒരു ആശയവിനിമയവും നടക്കുന്നില്ല. കൂടിയാലോചന ഇല്ല.
എകപക്ഷീയമായി മുഖ്യമന്ത്രി പറയുന്നത് അടിച്ചേല്‍പ്പിക്കുന്നു. മുഖ്യമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് സംഘ്പരിവാര്‍ ശക്തികളാണ്. ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ എ.ഡി.ജി.പിയെ വിട്ടത് എന്തിനാണ്? എന്തിനാണ് പൂരം കലക്കിയത്? എന്തിനാണ് തൃശൂരില്‍ ബി.ജെ.പിയെ സഹായിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത്? അന്നും ഇതുപോലെയുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
അനാവശ്യ ധൃതി എന്ന വാക്കാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അസ്വഭാവികമായ ധൃതി എന്നാണ്. അതിന്റെ പിന്നില്‍ നടന്നിരിക്കുന്ന ഇടപാടിനെ കുറിച്ച് ആര്‍ക്കും അറിയില്ല. പത്താം തീയതി നടന്ന കൂടിക്കാഴ്ചയില്‍ എന്തോ നടന്നിട്ടുണ്ട്. അതാണ് പുറത്ത് വരേണ്ടത്. മുന്‍ നിലപാടില്‍ നിന്ന് സി.പി.എം മലക്കം മറിഞ്ഞത് എന്ത് കൊണ്ടാണെന്ന് പറയണം.
ശബരിമലയില്‍ നിന്ന് കട്ടെടുത്ത സ്വര്‍ണ്ണം ഇപ്പോള്‍ കിട്ടി. എത് കോടീശ്വരനാണ് വിറ്റതെന്ന് പ്രതിപക്ഷം ചോദിച്ചത് ഇപ്പോള്‍ ശരിയായി. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് കാണിച്ച വൃത്തികേടുകളും പുറത്ത് വന്നു. ഹൈക്കോടതിയും അത് കണ്ടെത്തി. അതുകൊണ്ടാണ് ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























