പി.എം ശ്രീ പദ്ധതി;പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിച്ച് ബിജെപി നേതാവ് വി.മുരളീധരൻ

പി.എം ശ്രീ പദ്ധതിയില്‍ നിന്നും പിന്‍മാറാനുളള ഇടതുമുന്നണി സര്‍ക്കാരിന്‍റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. ചരിത്രപരമായ വങ്കത്തരമായി ഭാവി തലമുറ ഈ തീരുമാനത്തെ വിലയിരുത്തും. നരേന്ദ്രമോദിയോടുള്ള രാഷ്ട്രീയ വൈരാഗ്യം ഭാവിതലമുറയുടെ മേല്‍ തീര്‍ക്കുന്ന ഹീനമായ രീതിയാണ് ഇടതുമുന്നണിക്കെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി മുമ്പ് കംപ്യൂട്ടറിനെ എതിര്‍ത്തതു പോലെയാണ് ഈ നിലപാടും എന്ന് മുരളീധരന്‍ പറഞ്ഞു.
രാജ്യത്തെ 95 ശതമാനം സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം കേരളത്തിലെ കുട്ടികള്‍ക്ക് നിഷേധിക്കുന്നു. ഇത് ശരിയാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം. വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണമാണ് ദേശീയവിദ്യാഭ്യാസനയം ( NEP) എന്ന് പറയുന്നവർ, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ വര്‍ഗീയതയാണോ നടപ്പാക്കുന്നത് എന്ന് വ്യക്തമാക്കണം. ആണെങ്കില്‍ 'ഇന്‍ഡി' സഖ്യത്തിന് പുറത്തുവരാന്‍ ഇടതുപാര്‍ട്ടികള്‍ തയാറാവണം.
ദേശീയവിദ്യാഭ്യാസ നയത്തെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുകയാണ് സിപിഐ–സിപിഎം നേതാക്കള്‍. ഗാന്ധിവധത്തെ, NCERT പഠിപ്പിക്കുന്നത് ''ഗാന്ധി ദിവംഗതനായി ''എന്നാണ് തുടങ്ങിയ പച്ചക്കള്ളമാണ് ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഇടത് ചരിത്രകാരന്‍മാര്‍ വളച്ചൊടിച്ച ചരിത്രസത്യങ്ങള്‍ പുറത്തുവരും എന്ന ആശങ്കയാണ് സിപിഐ–സിപിഎം നേതാക്കള്‍ക്ക് എന്ന് മുരളീധരന്‍ പറഞ്ഞു.
ഇര്‍ഫാന്‍ ഹബീബിനെയും റൊമില ഥാപറെയും പോലുള്ള ഇടത് ചരിത്രകാരന്‍മാര്‍ എഴുതിയത് മാത്രമെ പഠിപ്പിക്കാവൂ എന്ന വാദം വിലപ്പോകില്ല. ഇത്രകാലം ഒളിച്ചുകടത്തിയ കമ്യൂണിസ്റ്റ് അജന്‍ഡ വെളിച്ചത്തുവരും എന്ന ആശങ്കയാണ് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിര്‍പ്പിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
'പിഎം' എന്ന വാക്കാണ് പി.എം ശ്രീയോടുള്ള ഇടതുമുന്നണിയുടെ അതൃപ്തിക്ക് കാരണം. നരേന്ദ്രമോദിയുടെ വികസന പദ്ധതികളോട് സഹകരിക്കില്ല എന്ന പിടിവാശിയാണ് ഇടതുസർക്കാരിനുള്ളത്. കുട്ടികളുടെ അവകാശങ്ങള്‍ ബലികഴിച്ചും മോദി വിരോധം നിലനിര്‍ത്തുക എന്നത് ലജ്ജാകരമായ നിലപാടെന്നും വി.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha























