കേരളപ്പിറവിയ്ക്കു ശേഷം വിവിധ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ആവിഷ്ക്കരിച്ച വിവിധ പദ്ധതികളുടെ ഗുണഫലമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം; എൽ.ഡി.എഫ് സർക്കാരിൻ്റെ ഭരണനേട്ടമായി ചിത്രീകരിക്കുന്നത് രാഷ്ടീയ അല്പത്തരമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം എൽ.ഡി.എഫ് സർക്കാരിൻ്റെ പത്തുവർഷത്തെ ഭരണനേട്ടമായി സി.പി.എം നേതാക്കൾ ചിത്രീകരിക്കുന്നത് രാഷ്ടീയ അല്പത്തരമാണ് എന്ന് കോൺഗ്രസ് നേതാവ്
2016 ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ നീതി ആയോഗ് കണക്കുപ്രകാരം കേരളത്തിലെ അതിദാരിദ്ര്യ നിരക്ക് 0.71 ശതമാനം മാത്രമായിരുന്നു. ഒരു ശതമാനത്തിനും താഴെ വരുന്ന 60000 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കാൻ പത്തുവർഷത്തോളം വേണ്ടി വന്നത് സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണ്.
കേരളപ്പിറവിയ്ക്കു ശേഷം വിവിധ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ആവിഷ്ക്കരിച്ച വിവിധ പദ്ധതികളുടെ ഗുണഫലമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. കേരളത്തിലെ എൽ.ഡി.എഫ് സർക്കാരുകളുടെ സംഭാവന തുലോം തുച്ഛമാണ്.
1965 ൽ പ്രസിഡണ്ട് ഭരണകാലത്ത് ഭക്ഷ്യ പ്രശ്നം രൂക്ഷമായിരുന്ന കേരളത്തിൽ നടപ്പാക്കിയ സ്റ്റാറ്റൂട്ടറി റേഷനിംഗ് ആണ് ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് അടിത്തറ പാകിയത്. എഴുപതുകളിൽ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായി ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ കാലത്ത് ഫലപ്രാപ്തി നേടിയ ഹരിത വിപ്ലവത്തെ തുടർന്നാണ് ഔൺസ് കണക്കിന് റേഷൻ മാത്രം നൽകിയിരുന്ന കേരളത്തിൽ കിലോഗ്രാം കണക്കിന് റേഷൻ വസ്തുക്കൾ നൽകിയത്.
ആവശ്യ സാധനങ്ങൾ എല്ലാവർക്കും സൗജന്യ നിരക്കിൽ നൽകുന്ന പൊതുവിതരണ സമ്പ്രദായം ശക്തിപ്പെട്ടതും അക്കാലത്താണ്. റേഷൻ കട സോഷ്യലിസം നടപ്പായതോടെയാണ് റേഷൻ കാർഡ് പൗരത്വ ചിഹ്നമായി മാറിയത്.
1970-ലെ ഭൂപരിഷ്ക്കരണം, 75-ലെ ഇരുപതിന സാമ്പത്തിക പരിപാടി, 85 -ലെ ബേക്കേരി ഹഠാവോ പദ്ധതി, 90-ലെ കേരളത്തിലെ സമ്പൂർണ്ണ സാക്ഷരത, 92-ലെ സാമ്പത്തിക ഉദാരവൽക്കരണം, 98 -ലെ കുടുംബശ്രീ, 2005-ലെ ദേശീയ തൊഴിൽ ഉറപ്പു പദ്ധതി, 2013 -ലെ ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയവയാണ് കേരളത്തിൽ ജനജീവിത ഗുണനിലവാരം ഉയർത്തുകയും അതിദാരിദ്യ മുക്തമാക്കുകയും ചെയ്തത്.
കേരളത്തിലെ അതി ദാരിദ്ര്യ നിർമ്മാർജ്ജനംഎൽ.ഡി.എഫ് സർക്കാർ നേട്ടമായി കൊട്ടിഘോഷിക്കുന്നത് ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞിൻ്റെ പിതൃത്വം പ്രസവമെടുക്കുന്ന ഡോക്ടർ അവകാശപ്പെടുന്നതുപോലെയാണ്.
https://www.facebook.com/Malayalivartha

























