മോദി രാജാവിനെ പോലെ; ബി ജെ പിക്ക് രൂക്ഷ വിമര്‍ശനവും എം ടിക്ക് പിന്തുണയുമായി മാമുക്കോയ

നോട്ട് പരിഷ്‌ക്കരണ തീരുമാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപി അധിക്ഷേപിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി നടന്‍ മാമുക്കോയയും. എം ടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണെന്ന് മാമുക്കോയ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നമാണ് എം ടി പറഞ്ഞത്. എം ടിയെപ്പോലുള്ള ആളുകള്‍ തന്നെയാണ് ഈ വിഷയം പറയേണ്ടത്, രാജഭരണം പോലെയാണിത്. ഇപ്പോള്‍ മോഡിരാജാവാണ് ഭരിക്കുന്നത്. എം ടിക്ക് തന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ എം ടി വാസുദേവന്‍നായരെ അധിക്ഷേപിച്ച ബിജെപി-ആര്‍എസ്എസ് നടപടിക്കെതിരെ സിനിമ-സാഹിത്യലോകത്തു നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഉണ്ണി.ആര്‍, സന്തോഷ് ഏച്ചിക്കാനം, ബലചന്ദ്രന്‍ ചുള്ളിക്കാട്, സി രാധകൃഷ്ണന്‍, സക്കറിയ, സാറ ജോസഫ് അശോകന്‍ ചരുവില്‍ വിആര്‍ സുധീഷ്, സുഭാഷ് ചന്ദ്രന്‍ തുടങ്ങി നിരവധി പേരാണ് അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയത്.
എംടിയുടെ വാക്കുകള്‍ക്ക് നേരിന്റെ ചുവയാണുളളതെന്ന് തിരക്കഥാകൃത്തും സാഹിത്യകാരനുമായ ഉണ്ണി ആര്‍ പറഞ്ഞു. അത് നുണകളാല്‍ കെട്ടി ഉയര്‍ത്തപ്പെട്ട ഇന്ത്യന്‍ ഭരണകൂടത്തിന് രുചിക്കില്ല. എം ടിക്കൊപ്പം നില്‍ക്കുക, നേരിനൊപ്പം നില്‍ക്കുകയെന്നും ഉണ്ണി ആര്‍ പറഞ്ഞു. അധികാര സ്ഥാനങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ മൗനം പുലര്‍ത്തുന്ന എഴുത്തുകാരന്‍ മരിച്ചവനാണ്. ശബ്ദമുയര്‍ത്തേണ്ട ഘട്ടങ്ങളില്‍ വാക്കിനെ കടലാസില്‍ നിന്നും മോചിപ്പിച്ച് അന്തരീക്ഷത്തില്‍ ഒരു പതാക പോലെ ഉയര്‍ത്തേണ്ടുന്ന ബാധ്യത ഒരു എഴുത്തുകാരനുണ്ട്. എം ടി അത് ചെയ്തിരിക്കുന്നു. അദ്ദേഹം അന്തസോടെ ജീവിച്ചിരിക്കുന്നുവെന്നും സാഹിത്യകാരമായ സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി. എം ടിയുടെ അഭിപ്രായം പൊതുജനത്തിന്റെ അഭിപ്രായം കൂടിയാണ്. അധികാരത്തിലെത്തിയ ദിവസം മുതല്‍ ഇന്നുവരെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും വര്‍ഗീയ വിവേചനത്തിന്റെ ശൂലത്തില്‍ കോര്‍ത്തിട്ടവര്‍ എം ടിയെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതിലെ നെറികെട്ട രാഷ്ട്രീയം തിരിച്ചറിയണമെന്ന് സന്തോഷ് ഏച്ചിക്കാനും അഭിപ്രായപ്പെട്ടു.
നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എം ടി വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടത്. തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha