നാലു കോടിയിലധികം വരുന്ന ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യം; വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ

വികസനം മുരടിച്ച കേരളത്തിൽ സമഗ്ര വികസനം കൊണ്ടുവരാൻ ബിജെപി സർക്കാറിനേ കഴിയുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. ബി ജെ പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ബാലുശ്ശേരി ഗോകുലം കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടേയും പ്രത്യേകിച്ച് യുവാക്കളുടേയും പ്രശ്നങ്ങൾ പരിഹരിക്കും.കോൺഗ്രസും ഇടത് പാർട്ടികളും കാലങ്ങളായി സാധാരണ ജനങ്ങളെ പറ്റിക്കുകയാണ്. വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കാത്ത പാർട്ടികളെ തിരിച്ചറിയണം. യുപിഎ ഭരണത്തിൽ എട്ട് മന്ത്രിമാർ കേരളത്തിൽ നിന്ന് ഉണ്ടായിട്ടും ജനങ്ങൾക്ക് ഗുണം ഉണ്ടായില്ല. അക്രമത്തിൽ നിന്ന് അഴിമതിയുടെ വഴിയിലാണ് ഇപ്പോൾ സിപിഎം സഞ്ചരിക്കുന്നത്. കോൺഗ്രസും സി പി എമ്മും അഴിമതിയിൽ തുല്യമായി.
11 വർഷം അഴിമതി ഇല്ലാത്ത ഭരണമാണ് നരേന്ദ്ര മോദി സർക്കാർ നടത്തിയത്. ഭാരതം മുന്നേറുമ്പോൾ ഇരു മുന്നണികളും കേരളത്തെ പിന്നാക്കം നയിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇന്ത്യയിൽ വന്ന മാറ്റം ലോകം ചർച്ച ചെയ്യുന്നു. ബഹുമാനത്തോടെ ഇന്ത്യയുടെ വളർച്ചയെ അവർ കാണുന്നു. പത്ത് വർഷത്തെ യു പി എ ഭരണം രാജ്യത്തിൻ്റെ സമ്പത്ത് ഘടന തകർത്തു. എൽ ഡി എഫ് തുടരും എന്നാണ് പിണറായി സർക്കാറിൻ്റെ പ്രചാരണം.
വിലക്കയറ്റവും അഴിമതിയും അവഗണയുമാണ് തുടരുന്നത്. ആശാവർക്കർമാരെ അവഗണിക്കുന്നു.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണ്. മോദി സർക്കാർ വാഗ്ദാനങ്ങൾ നടപ്പാക്കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി. രാജ്യത്തെ ജനങ്ങൾക്ക് അക്കാര്യത്തിൽ വിശ്വാസമുണ്ട്. മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് സാധിക്കുമെന്ന് അവർക്കറിയാം. വരുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ വിശ്വാസം ബിജെപിയുടെ വിജയത്തിന് സഹായകരമാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
https://www.facebook.com/Malayalivartha