'സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍': കുഞ്ഞാലിക്കുട്ടി

സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും സിപിഎമ്മിനെ ഇത്തരത്തില്‍ കുഞ്ഞാലിക്കുട്ടി ആഞ്ഞടിച്ചിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് നല്‍കിയ വോട്ട് വാഗ്ദാനം നിരസിച്ചതാണ് ഒടുവില്‍ പാര്‍ട്ടിക്ക് പറ്റിയ മണ്ടത്തരമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളില്‍ സിപിഎം തകര്‍ന്നടിഞ്ഞതിന് കാരണവും അവരുടെ പിടിവാശി മൂലമാണെന്നും എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ അവര്‍ ചെയ്യുന്നത് മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അവനവനെ കൊണ്ട് കഴിയാത്ത കാര്യങ്ങളില്‍ ആവതുള്ളവന്‍ സഹായിക്കാന്‍ വന്നാല്‍ അതു വേണ്ടെന്ന് പറയരുത്. ബിജെപിയെ പ്രതിരോധിക്കാന്‍ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്നാല്‍ മതേതര കക്ഷികളുടെ യോജിപ്പ് വേണമെന്ന് കുറേകാലമായി പറയുന്ന സിപിഎം എല്ലായിടത്തും തകരുന്ന കാഴ്ചയാണിപ്പോള്‍. ബംഗാളില്‍ സിപിഎം ഉപ്പുവച്ച കലം പോലെയായി. അവിടെ ഇടതുപക്ഷം തകര്‍ന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ആന മെലിഞ്ഞെന്ന് കരുതി തൊഴുത്തില്‍ കെട്ടേണ്ട കാര്യമില്ല. കോണ്‍ഗ്രസ് ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്. ഇന്ത്യന്‍ രാഷ്ട്രീയം പെട്ടെന്നാണ് മാറുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ദില്ലിയെ ആം ആദ്മി പാര്‍ട്ടിയുടെ അവസ്ഥ കണ്ടില്ലേ എന്നും അദ്ദേഹം ചോദിച്ചു.എല്‍ഡിഎഫിലാണ് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം. വേലിപ്പുറത്തിരിക്കുന്നത് പോലെയാണ് സ്വന്തമായി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കളിയാക്കി.
https://www.facebook.com/Malayalivartha