ഇടത് നേതാക്കൾക്ക് പിന്നാലെ പുലിവാൽ പിടിച്ച് യുഡിഎഫ് നേതാക്കളും ;സ്വർണക്കടത്തു കേസിലെ പ്രതികൾക്കൊപ്പം യുഡിഎഫ് നേതാക്കൾ

സ്വർണക്കടത്തു കേസ് പ്രതിയായ അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രം വിവാദമായതിന് പിന്നാലെ യുഡിഎഫിനെ വെട്ടിലാക്കിക്കൊണ്ട് പുതിയ ചിത്രങ്ങൾ വന്നിരിക്കുന്നു. അബുലൈസിനൊപ്പം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ധിഖുമുള്ള ചിത്രങ്ങൾ പുറത്തായിരിക്കുകയാണ്.
കരിപ്പുര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാണ് അബുലൈസ്. ഇയാള്‍ക്കൊപ്പം ഇടത് എം.എല്‍.എമാര്‍ ദുബായിൽ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് യുഡിഎഫ് നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായത്. എന്നാൽ പുതിയ ചിത്രങ്ങൾ പുറത്തു വന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.
അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ചിത്രം പുറത്തുവന്നതിന് പിന്നാലെ സിദ്ദിഖ് പ്രതികരിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയാറെന്നും അദ്ദേഹം പറഞ്ഞു. അബുലൈസുമായി ബന്ധമില്ലെന്നു പി.കെ. ഫിറോസും വ്യക്തമാക്കി.
https://www.facebook.com/Malayalivartha