കൊവിഡില്‍ വിമാന സര്‍വ്വീസില്ല.. പൈലറ്റിനിപ്പോള്‍ കോഴിവെട്ട്.. ദുബായിലെ കാഴ്ചകള്‍ ഇങ്ങനെ

കോവിഡ് കാലത്തെ വിമാന സര്‍വീസ് നിയന്ത്രണത്തില്‍ ജോലി നഷ്ടമായ യുഎഇ എമിറേറ്റ്സ് വിമാനക്കമ്പനിയുടെ ഒരു നിര പൈലറ്റുമാര്‍ ഹോട്ടല്‍, കോഴിവെട്ട്, പാചക ജോലിയിലേക്കു കടന്നിരിക്കുന്നു. ദൂബായി സിറ്റി മാളിലെ ഓര്‍ഗാനിക് ഫുഡ്സ് ആന്റ് കഫെ ഷോപ്പില്‍ കോഴിപ്പാചകവും പാഴ്സല്‍ വില്‍പനയും നടത്തുകയാണ് കാലങ്ങളോളം ആകാശം അതിരുകളാക്കിയ വൈമാനികര്‍.
ദക്ഷിണാഫ്രിക്ക, ഇറ്റലി, യുകെ എന്നിവിടങ്ങളില്‍നിന്നുള്ള നാലു വിമാന ക്യാപ്റ്റന്‍മാര്‍ നവംബര്‍ മുതലാണ് ദുബായിയില്‍ ഹോട്ടല്‍ ജോലിയിലേക്ക് തിരിഞ്ഞിരിക്കുന്നത് പൈലറ്റുമാരുടെതിനു സമാനമായ അതേ വെള്ള യൂണിഫോമിലാണ് ഇവരുടെ ഹോട്ടല്‍ജോലി.
എമിറേറ്റ്സ് വിമാനക്കമ്പനിയുടെ പൈലറ്റുമാരായ ജെറോം സ്റ്റബ്സ്, മിഷേല്‍ സ്മിത്ത് എന്നിവര്‍ ശമ്പളമില്ലാത്ത അവധിയിലാണ് ദുബായി സിറ്റിമാളിലെ ഓര്‍ഗാനിക് ഫുഡ്സ് ആന്‍ഡ് കഫെ ഷോപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയിരിക്കുന്നത്.
കോഴിവെട്ട്, പാചകം, പായ്ക്കിംഗ്, പാഴ്സല്‍ വില്‍പന, ബില്ലിംഗ്, പണം വാങ്ങല്‍, പാത്രം കഴുകല്‍ എന്നിവയൊക്കെ ഇവര്‍ വിമാനം പറത്തുന്ന അതേ കൃത്യതയിലും ഉത്തരവാദിത്വത്തിലും ചെയ്തുവരുന്നു. ആഴ്ചയില്‍ മൂന്നോ നാലോ ദിവസമാണ് വൈമാനികര്‍ ഹോട്ടലില്‍ ജോലിചെയ്യാനെത്തുന്നത്.
ഹോട്ടല്‍ മാനേജര്‍ ജാന്‍ പ്രിട്ടോറിയസ് കടയില്‍ തിരക്കു കൂടുന്നതായി അറിയിച്ചാല്‍ അധിക ദിവസങ്ങളിലും ഇവര്‍ജോലിയ്ക്കെത്തും. ദിവസം എട്ടു മുതല്‍ ഒന്‍പതു വരെ മണിക്കൂര്‍ അതീവശ്രദ്ധയോടെ പ്രതികൂല കാലാവസ്ഥയിലും ജംബോ വിമാനങ്ങള്‍ പറത്തിയിരുന്ന സീനിയര്‍ പൈലറ്റുമാരാണ് ഇവരൊക്കെ. ഇപ്പോള്‍ ജോലി തല്‍ക്കാലം നഷ്ടമായ സാഹചര്യത്തില്‍ ഇത്തരമൊരുജോലി സന്തോഷത്തോടെ ഏറ്റെടുത്ത് കോഴിയെ വെട്ടി വറുത്ത് കച്ചവടം തകൃതിയാക്കിയിരിക്കുന്നു.
തുടര്‍ച്ചയായ 24 വര്‍ഷം ഏറെക്കുറെ എല്ലാ ലോകരാജ്യങ്ങളിലേക്കും വിമാനം പറത്തിയ അനുഭവജ്ഞാനമുള്ള പൈലറ്റാണ് 43കാരനായ മിഷേല്‍ സ്മിത്ത്. ഏഴു മാസമായി ഇദ്ദേഹത്തിന് കോക്പിറ്റിലല്ല, ദുബായ് ഹോട്ടലിന്റെ അടുക്കളയിലും കൗണ്ടറിലുമാണ് ജോലി. വിമാനം പറത്തിയിരുന്ന കൈകളില്‍ ഇപ്പോഴുള്ളത് കത്തികളും കുറെ പാത്രങ്ങളും എന്ന വ്യത്യാസമേയുള്ളു.
വിമാനസര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും വിവിധ രാജ്യങ്ങളില്‍ വിമാന യാത്രയ്ക്ക് നിയന്ത്രണം വരികയും ചെയ്ത കോവിഡ് ദുരിതം ഇനിയും ഏറെക്കാലം ലോകത്തെ വലയ്ക്കുമെന്ന തിരിച്ചറിവിലാണ് ഇവര്‍ പണിമാറി പിടിച്ചിരിക്കുന്നത്. പൈലറ്റ് പണി മാത്രമല്ല ജീവിക്കാന്‍ എന്തു ജോലിയും ചെയ്യാന്‍ തങ്ങള്‍ക്ക് അറിയാം എന്നു തെളിയിച്ചിരിക്കുകയാണ് ഈ മുതിര്‍ന്ന വൈമാനികര്‍. കോവിഡ് മഹാമാരിയില്‍ നിന്ന് ലോകം മോചിതമാകും വരെ കോഴി പാചകവും പാഴ്സല്‍ വില്‍പനയും കാപ്പി തയാറാക്കലുമൊക്കെയായി നീങ്ങാന്‍ തന്നെയാണ് പൈലറ്റുമാരുടെ ഉറച്ച തീരുമാനം. ഏതു ജോലിയും മാന്യമാണ്. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ പഠിക്കണം.
ഏതു സാഹചര്യത്തോടും യോജിക്കാനും പറ്റണം. പൈലറ്റ് ജോലിയാണ് ഇഷ്ടമെങ്കിലും അത് നഷ്ടപ്പെട്ടപ്പോള്‍ വെറുതെയിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഇവര്‍ തീര്‍ച്ച പറഞ്ഞിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നൂറിലേറെ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചപ്പോഴാണ് എമിറേറ്റ്സ് ഒരു നിര പൈലറ്റുമാരെ കോവിഡ് ശമിക്കുമ്പോള്‍ ജോലിയില്‍ തിരികെ വിളിക്കാം എന്ന ഉറപ്പില്‍ അവധിയെടുപ്പിച്ചിരിക്കുന്നത്.
ഈ അവധി വേളയിലും താമസസൗകര്യം, മെഡിക്കല്‍ അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ എമിറേറ്റ്സ് കമ്പനി ജോലി നഷ്ടമായ പൈലറ്റുമാര്‍ക്ക് ഉറപ്പാക്കിയിട്ടുണ്ട്. അവധിയിലായിരിക്കെ കോഴിവെട്ടും പായ്ക്കിംഗും വില്‍പനയും നടത്തുന്ന ഹോട്ടലില്‍ ഇത്തരമൊരു ജോലി ചെയ്യുന്നതിന് എതിര്‍പ്പില്ലെന്ന് എമിറേറ്റ്സ് കമ്പനി ഇവര്‍ക്ക് എന്‍ഒസി നല്‍കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണാഫിക്കക്കാരനാായ പൈലറ്റ് സ്മിത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട സര്‍വീസില്‍ ഐക്യരാഷ്ട്രസസഭയ്ക്കൊപ്പം യുദ്ധമേഖലകളില്‍ വൈദ്യസഹായവും ഇതര സേവനങ്ങളുമായുള്ള വിമാനം പറത്തിയും പരിചിതനാണ്. 2008ല്‍ ദുബായിയിലെത്തി എമിറേറ്റ്സിന്റെ ദീര്‍ഘദൂര സര്‍വീസ് വിമാനങ്ങള്‍ പറത്തിവരികയാണ്. രണ്ടു മക്കളുള്ള കുടുംബം പോറ്റുന്ന ഇദ്ദേഹം ഏറെ വൈകാതെ ലോകം കോവിഡ് മോചിതമായി റണ്‍വേകള്‍ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ്. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള പൈലറ്റ് ജെറോം സ്റ്റബ്സിന് കോഴിയെ
പ്രത്യേത രീതിയില്‍ മുറിക്കാനും രുചികരമായി പാചകം ചെയ്യാനും പ്രത്യേക വിരുതുണ്ട്.
സ്വന്തം രാജ്യത്തെ പരമ്പരാഗതമായ രീതിയില്‍ കോഴി ഫ്രൈ ചെയ്ത് കച്ചവടം സജീവമാക്കുന്നതില്‍ ജെറോം വിജയിച്ചിരിക്കുന്നു. ഓരോ നിമിഷവും ജാഗ്രതയും കണക്കുകൂട്ടലും തെറ്റാന്‍ പാടില്ലാത്ത ജോലിയാണ് പൈലറ്റിന്റെത്.
കോഴിയെ വെട്ടികഷ്ണങ്ങളാക്കി വറുക്കുന്നതിലും ഇതേ ജാഗ്രത പൈലറ്റുമാര്‍ പുലര്‍ത്തിവരുന്നു. വിമാനക്കമ്പനിയുടെ ശമ്പളമില്ലെങ്കിലും തല്‍ക്കാലം ജീവിച്ചുപോകാനുള്ള വരുമാനം കിട്ടുന്നതായി ജെറോം പറയുന്നു. കടയില്‍ എത്തുന്നവര്‍ക്കെല്ലാം കൗതുകമാണ് ഇവരുടെ മാവ്യമായ സംസാരവും ഒപ്പം പൈലറ്റ് ബക്കിള്‍ കൊളുത്തിയ ഇവരുടെ സ്‌റ്റൈലന്‍ വെള്ള വസ്ത്രവും.
https://www.facebook.com/Malayalivartha